തെരുവ് നായ ശല്യം വ്യാപകമാകുമ്പോള്‍ പ്രതികരിച്ച് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്. തെരുവ് നായ ശല്യത്തിന് കൊന്നുകളയലല്ല പരിഹാരമാര്‍ഗമെന്ന് ബീന ഫിലിപ്പ് പറഞ്ഞു. നായ്ക്കളും അവയുടേതായ കര്‍ത്തവ്യങ്ങള്‍ വഹിക്കുന്നുണ്ട്. തെരുവുനായ്ക്കളെ വ്യാപകമായി നശിപ്പിച്ചപ്പോഴാണ് സൂറത്തില്‍ പ്ലേഗ് ഉണ്ടായതെന്നും കോഴിക്കോട് മേയര്‍ പറഞ്ഞു. മീഡിയവണ്‍ ചാനലിനോടായിരുന്നു കോഴിക്കോട് മേയറുടെ പ്രതികരണം.
സമാധാനപരമായി നായ്ക്കളും മനുഷ്യരും ഒരുമിച്ചുകഴിയണം. ഈ ഭൂമിയിലെ മനുഷ്യന്റെ ഏറ്റവും അടുത്ത മൃഗവും സ്നേഹിതരുമാണ് നായ്ക്കള്‍. ആ രീതിയില്‍ അവയെ കണ്ടു പരിപാലിക്കാന്‍ നമുക്ക് കഴിയണം. നമ്മളും അവരും ഒരുമിച്ച് ഈ ഭൂമിയില്‍ ജീവിക്കുന്ന അവസ്ഥയിലേക്ക് വരാന്‍ നമ്മള് ശ്രമിക്കണമെന്നും ബീന ഫിലിപ്പ് പറഞ്ഞു. അവയോടുള്ള അകാരണമായ ഭീതിയില്‍നിന്ന് അവയെ സ്നേഹിച്ച് സൗമ്യരാക്കാന്‍ നമുക്ക് സാധിക്കണം. അങ്ങനെ ചെയ്യാതിരിക്കുമ്പോഴാണ് മറ്റു മാര്‍ഗങ്ങള്‍ ആലോചിക്കേണ്ടിവരുന്നതെന്നും ബീന ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു.
അതേസമയം സംസ്ഥാനത്ത് തെരുവ് നായയുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. കോഴിക്കോട് ഇന്നലെ പന്ത്രണ്ട് വയസുകാരനെ തെരുവ് നായ കടിച്ചുവലിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അരക്കിണര്‍ എന്ന സ്ഥലത്തായിരുന്നു സംഭവം. സൈക്കിള്‍ ഓടിക്കുന്ന കുട്ടിയെ വിഡിയോയില്‍ കാണാം. ഇതിനിടെയാണ് അപ്രതീക്ഷിതമായി നായയുടെ ആക്രമണം. സമീപത്തുനിന്ന് ഓടിവന്ന നായ യാതൊരു പ്രകോപനവും കൂടാതെ ആക്രമിക്കുകയായിരുന്നു. നായ കടിച്ചു വലിച്ചതോടെ കുട്ടി സൈക്കിളില്‍ നിന്ന് വീണു. നായ കുട്ടിയെ തലങ്ങും വിലങ്ങും കടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഒടുവില്‍ സമീപത്തെ വീട്ടിലേക്ക് കുട്ടി ഓടിക്കയറിയതോടെയാണ് നായ പടിവിട്ടത്. ഇന്നലെ അരക്കിണറില്‍ മാത്രം നാല് പേരെ തെരുവ് നായ ആക്രമിച്ചിരുന്നു.