എട്ട് വയസുള്ളപ്പോള്‍ തന്റെ പിതാവില്‍ നിന്നും ലൈംഗികാതിക്രമത്തിന് ഇരയാകേണ്ടി വന്നു എന്ന് നടി ഖുശ്ബു കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ വെളിപ്പെടുത്തല്‍ സിനിമ പ്രേമികളില്‍ ഞെട്ടലായിരുന്നു ഉണ്ടാക്കിയത്.
ഇപ്പോഴിത വിഷയത്തില്‍ കൂടുതല്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി ഖുശ്ബു. ആ കാര്യങ്ങള്‍ താന്‍ സത്യസന്ധമായി തന്നെയാണ് പറഞ്ഞതെന്നും ആ തുറന്ന് പറച്ചില് ഒരു മോശം കാര്യമായി തനിക്ക് തോന്നിയിട്ടില്ലെന്നും നടി പറഞ്ഞു.
ന്യൂസ് ഏജന്‍സിയായ പിടിഐയോട് സംസാരിക്കെവെയാണ് ഖുശ്ബു ഇക്കാര്യങ്ങള്‍ പറഞ്ഞത്.’ഞാനൊരു ഞെട്ടിക്കുന്ന പ്രസ്താവനയൊന്നും നടത്തിയിട്ടില്ല. എന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു കാര്യം സത്യസന്ധമായിട്ടാണ് പറഞ്ഞത്.
ആ തുറന്ന് പറച്ചിലില്‍ എനിക്കൊരു നാണക്കേടും തോന്നിയിട്ടില്ല. സത്യത്തില്‍ എനിക്കല്ല കുറ്റവാളിയായ വ്യക്തിക്കാണ് നാണക്കേട് തോന്നേണ്ടത് എന്നുമാണ് നടി പറയുന്നത്.
എനിക്ക് സംഭവിച്ച ഒരു കാര്യം തുറന്ന് സംസാരിക്കാന്‍ ഇത്രയും വര്‍ഷം വേണ്ടി വന്നു. എനിക്ക് സംഭവിച്ച കാര്യങ്ങള്‍ ഞാന്‍ തുറന്ന് പറയുന്നത് വഴി പല സ്ത്രീകള്‍ക്കും അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പങ്കുവെക്കാന്‍ സാധിക്കും.
ഇത്തരത്തില്‍ സംഭവിക്കുന്ന ചില കാര്യങ്ങള്‍ ജീവിതത്തിന്റെ അവസാനമാണെന്ന് കരുതുകയും ചെയ്യരുത് എന്നും നടി പറഞ്ഞു.സ്ത്രീകള്‍ എപ്പോഴും ശക്തരാണെന്ന് സ്വയം വിശ്വസിക്കണം. ഒരു കാര്യവും നിങ്ങളെ വീഴ്ത്തികളയരുത് എന്നും നടി കൂട്ടിച്ചേര്‍ത്തു.
എട്ടാം വയസ്സില്‍ അച്ഛന് തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന് നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബു സുന്ദര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ അമ്മ തന്നെ വിശ്വസിച്ചേക്കില്ലെന്ന് ഭയന്നിരുന്നുവെന്നും ഖുശ്ബു പറഞ്ഞിരുന്നു.ബര്‍ഖ ദത്തിന്റെ വീ ദ വുമണ്‍ ഇവന്റില്‍ ആയിരുന്നു ഖുശ്ബുവിന്റെ വെളിപ്പെടുത്തല്‍.