പ്രണയിനിക്കൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്ന ആലുവ സ്വദേശിനി ആദില നസ്റിന്റെ അപേക്ഷ അംഗീകരിച്ച് ഹൈക്കോടതി. ബന്ധുക്കള്‍ ബലമായി പിടിച്ചുകൊണ്ടുപോയ താമരശേരി സ്വദേശിനിയായ ഫാത്തിമ നൂറയെ ആദിലയ്ക്കൊപ്പം വിടാന്‍ കോടതി അനുവദിച്ചു. പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരുമിച്ച് ജീവിക്കുന്നതിന് വിലക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ജസ്റ്റിസ് വിനോദ് ചന്ദ്രന്റേതാണ് നടപടി. ആദില സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും ഹൈക്കോടതി തീര്‍പ്പാക്കി.
മാതാപിതാക്കളുടേയും ബന്ധുക്കളുടേയും എതിര്‍പ്പിനെ തുടര്‍ന്ന് പങ്കാളിക്കൊപ്പം ജീവിക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു ആദിലയുടെ ആരോപണം. പ്രണയിനിയെ ബന്ധുക്കള്‍ ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ട് പോയെന്നും ഇപ്പോള്‍ കാണുന്നില്ലെന്നും ആദില പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ആദില പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
സൗദിയിലെ പഠനത്തിനിടെയാണ് 22കാരിയായ ആദില താമരശേരി സ്വദേശിനിയായ 23കാരി ഫാത്തിമ നൂറയെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. സ്വവര്‍ഗാനുരാഗം വീട്ടില്‍ അറിഞ്ഞതോടെ എതിര്‍പ്പുമായി മാതാപിതാക്കളും ബന്ധുക്കളും രംഗത്തെത്തി. കേരളത്തില്‍ മടങ്ങിയെത്തിയെങ്കിലും പ്രണയം തുടര്‍ന്നു. ഒന്നിച്ചു ജീവിക്കാനും തീരുമാനിച്ചു. ഈ മാസം പത്തൊന്പതിന് ആദില കോഴിക്കോടെത്തി ഫാത്തിമയെ കണ്ടുമുട്ടി. ഇരുവരും ആദ്യം കോഴിക്കോട് തന്നെയുള്ള സംരക്ഷണ കേന്ദ്രത്തിലായിരുന്നു. അവിടെ ബന്ധുക്കള്‍ തിരഞ്ഞെത്തിയതോടെ പൊലീസ് ഇടപെട്ടു. പിന്നീട് ആദിലയുടെ മാതാപിതാക്കളെത്തി ഇരുവരേയും വീട്ടിലേക്ക് കൊണ്ടുപോയി. അതിനിടെ താമരശേരിയില്‍ നിന്നുള്ള ബന്ധുക്കളെത്തി ഫാത്തിമയെ ബലമായി പിടിച്ചുകൊണ്ട് പോകുകയായിരുന്നു.