കേരളത്തില്‍ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. ഇതിനിടെ തെരുവ് നായ്ക്കളെ വിഷം കൊടുത്ത് കൊല്ലുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇപ്പോഴിതാ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം കെ.എല്‍ രാഹുല്‍. തെരുവ് നായ്ക്കളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന വി.ഒ.എസ്.ഡി എന്ന സംഘടനയുടെ പോസ്റ്റര്‍ പങ്കുവച്ച് കൊണ്ടാണ് കെ.എല്‍ കേരളത്തിലെ തെരുവ് നായ്ക്കള്‍ക്കായി ശബ്ദമുയര്‍ത്തിയത്.
കേരളത്തില്‍ വ്യാപകമായി തെരുവ് നായക്കളെ കൊല്ലുന്നത് വീണ്ടും ആരംഭിച്ചു എന്ന് ഈ പോസ്റ്ററില്‍ പറയുന്നു. തെരുവ് നായ്ക്കളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്നും തെരുവ് നായ്ക്കളെ വി.ഒ.എസ്.ഡിയുടെ നേതൃത്വത്തില്‍ സംരക്ഷിക്കുമെന്നും കെ.എല്‍ രാഹുല്‍ പങ്കുവച്ച പോസ്റ്ററില്‍ പറയുന്നുണ്ട്.
ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് വി.ഒ.എസ്.ഡി. തെരുവുകളില്‍ നിന്നുള്ള നായ്ക്കളെ ആജീവനാന്തം സംരക്ഷിക്കുക എന്നതാണ് ഇവരുടെ രീതി. തെരുവ് നായ സംരക്ഷണത്തിനായുള്ള ലോകത്തെ വലിയ പദ്ധതിയാണിതെന്ന് ഇവരുടെ വെബ് സൈറ്റില്‍ പറയുന്നു. തങ്ങളുടെ ഷെല്‍ട്ടര്‍ ഹോമിലുള്ള നായ്ക്കളെ ദത്തെടുത്ത് കൊടുക്കാറില്ലെന്നും വി.ഒ.എസ്.ഡിയിലെ നായ്ക്കള്‍ ജീവിതകാലം മുഴുവന്‍ ഇവിടെ തങ്ങുന്നതാണ് രീതിയെന്നും വെബ് സൈറ്റിലുണ്ട്.