കേരളത്തെ ഭീതിയിലാഴ്ത്തിയ വെള്ളപ്പൊക്കവും മലയാളികളുടെ അതിജീവനവും പ്രമേയമാക്കി സംവിധായകന് ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ 2018′ സിനിമയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.
സോഷ്യല്‍ മീഡിയ മുഴുവന്‍ ചിത്രത്തിനെ പ്രശംസിച്ചുള്ള വാക്കുകളാണ്. എല്ലാ ഷോകളും ഹൗസ് ഫുള്ളാണ്. പല സ്ഥലങ്ങളിലും ഷോ വെളുപ്പിന് വരെ നീട്ടിയിട്ടുണ്ട്. ചിത്രം മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുമ്പോള്‍ സിനിമയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയില്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് സംവിധായകന് ജൂഡ് ആന്തണി ജോസഫ്.
മലയാളികള്‍ എഴുതിയ തിരക്കഥയാണ് 2018 എന്നും സിനിമ സംവിധാനം ചെയ്യാന്‍ അവസരമൊരുക്കിയതിന് നന്ദി എന്നുമാണ് ഫേസ്ബുക്കില്‍ സംവിധായകന് കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെ സംവിധായകന് അഭിനന്ദനം അറിയിച്ച് എത്തുന്നത്.
വന്‍ പ്രമോഷനോ ഹൈപ്പോ ഇല്ലാതെ എത്തിയ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെ കയറി പോരുകയായിരുന്നു.ഔദ്യോഗിക കണക്കുകള്‍ പുറത്തു വന്നിട്ടില്ലെങ്കിലും 1.85 കോടി രൂപ ആദ്യ ദിനം കേരള ബോക്സ് ഓഫീസില്‍ ചിത്രത്തിന് നേടാനായി എന്നാണ് ട്വിറ്ററില്‍ ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
2018ല്‍ കേരളം അതിജീവിച്ച പ്രളയമാണ് സിനിമയുടെ പ്രമേയം. ‘എവരി വണ്‍ ഈസ് എ ഹീറോ’ എന്ന ടാഗ് ലൈനില്‍ ആണ് സിനിമ എത്തിയത്.ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്, ആസിഫ് അലി, വിനീത് ശ്രീനിവാസന്, ഇന്ദ്രന്‍സ്, ലാല്‍, നരേന്, അപര്‍ണ്ണ ബാലമുരളി, തന്വി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി തുടങ്ങി വലിയ താരനിര ചിത്രത്തിന്റെ ഭാഗമാണ്.
കാവ്യ ഫിലിംസ്, പികെ പ്രൈം പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. അഖില്‍ പി ധര്മജന് തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജും ചിത്രസംയോജനം ചമന്‍ ചാക്കോയുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. നോബിന് പോള്‍ സംഗീതവും, വിഷ്ണു ഗോവിന്ദന് സൗണ്ട് ഡിസൈനും നിര്‍വ്വഹിച്ചു.