ഭാര്യ നല്കിയ മാന നഷ്ടക്കേസില്‍ നടന് ജോണി ഡെപ്പ് വിജയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ആംബര്‍ ഹേര്‍ഡ് 10 ലക്ഷം ഡോളറാണ് (ഏകദേശം 82,133,743 രൂപ) ജോണി ഡെപ്പിന് നല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഈ തുക ആംബര്‍ ഹെഡ് ജോണി ഡെപ്പിന് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പണം ജോണി ഡെപ്പ് ഉപയോഗിച്ച വിധം കണ്ട് താരത്തിന് കൈയ്യടിക്കുകയാണ് ആരാധകര്‍.
ഭാര്യ നല്കിയ മാന നഷ്ടക്കേസില്‍ ജയിച്ച് കിട്ടിയ പണം സന്നദ്ധ സംഘടനകള്‍ക്ക് നല്‍കിയിരിക്കുകയാണ് ജോണി ഡെപ്പ്. 20,000 ഡോളര്‍ വീതം അഞ്ച് ചാരിറ്റികള്‍ക്കാണ് ജോണി ഡെപ്പ് നല്‍കിയത്.
അനാഥ കുട്ടികള്‍ക്ക് ചികിത്സയും സുരക്ഷിത താമസ സൌകര്യവുമൊരുക്കുന്ന സംഘടനകള്‍ക്കാണ് ജോണി ഡെപ്പ് സഹായം ചെയ്തത്. മെയ്ക്ക് എ ഫിലിം ഫൌണ്ടേഷന്, ദി പെയിന്റഡ് ടര്‍ട്ടില്‍, റെഡ് ഫെതര്‍, മാര്‍ലോണ്‍ ബ്രാന്‍ഡോസ് ടെറ്റിഅറോറാ സൊസൈറ്റി, അമസോണിയ ഫണ്ട് അലയന്‍സ് എന്നീ സംഘടനകള്‍ക്കാണ് ജോണി ഡെപ്പ് പണം നല്‍കുന്നതെന്നാണ് ഡെപ്പിന്റെ വക്താവ് ചൊവ്വാഴ്ച വിശദമാക്കിയത്.
അതേസമയം 2015ലാണ് താരം ആംബറിനെ ലോസ് ആഞ്ചലസിലെ വീട്ടിലെ സ്വകാര്യ ചടങ്ങില്‍ വിവാഹം ചെയ്തത്. വര്‍ഷങ്ങള്‍ നീണ്ട ഡേറ്റിംഗിന് ശേഷമായിരുന്നു സ്വകാര്യ ചടങ്ങിലെ വിവാഹം. 2016 മെയ് 23ന് ആംബര്‍ ജോണിയില്‍ നിന്ന് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.