റോഡുകളുടെ അറ്റകുറ്റപ്പണി ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

ദേശീയപാതാ അതോറിറ്റിക്ക് കീഴിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണി ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. റോഡുകളുടെ ശോചനീയാവസ്ഥയില്‍ ജില്ലാ കളക്ടര്‍മാര്‍ കാഴ്ചക്കാരാകരുതെന്നും കളക്ടര്‍മാര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.

ജനങ്ങളെ റോഡില്‍ മരിക്കാന്‍ വിടാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. റോഡിലെ കുഴിയില്‍ വീണ് ആളുകള്‍ മരിക്കുന്ന സംഭവങ്ങള്‍ മനുഷ്യ നിര്‍മിത ദുരന്തങ്ങളായേ കണക്കാക്കാനാകൂ. റോഡുകളുടെ ദുരവസ്ഥയില്‍ ജില്ലാ കളക്ടര്‍മാര്‍ എന്താണ് നടപടിയെടുക്കാത്തത് എന്നും കോടതി ചോദിച്ചു.

റോഡുകള്‍ മോശമാണ് എന്ന് അറിയിക്കാനുള്ള ബോര്‍ഡുകള്‍ വയ്ക്കാനുള്ള മര്യാദ പോലും ദേശീയ പാത അതോറിറ്റി കാണിക്കുന്നില്ല. ഇനി എത്ര ജീവന്‍ കൊടുത്താലാണ് കേരളത്തിലെ റോഡുകള്‍ നന്നാവുക എന്നും കോടതി ചോദിച്ചു. കഴിഞ്ഞയാഴ്ച ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയില്‍ നെടുമ്പാശേരിയിലെ കുഴിയില്‍ വീണുണ്ടായ അപകടത്തില്‍ എറണാകുളം മാഞ്ഞാലി സ്വദേശി ഹാഷിം മരിച്ചിരുന്നു.