വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് പൊലീസ് സംരക്ഷണം നല്കാന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തുറമുഖ നിര്‍മാണ പ്രദേശത്തേക്ക് സമരക്കാര്‍ അതിക്രമിച്ച് കടക്കരുതെന്നും കോടതി വ്യക്തമാക്കി. പ്രതിഷേധങ്ങള്‍ സമാധാനപരമായിരിക്കണം. നിര്‍മാണ പ്രവര്‍ത്തനം തടസ്സപ്പെടുത്തരുതെന്നും ഉത്തരവില്‍ പറയുന്നു.
പ്രോജക്ട് സൈറ്റില്‍ വരുന്ന ഉദ്യോഗസ്ഥരെ, തൊഴിലാളികളെ തടയുവാന്‍ പ്രതിഷേധക്കാര്‍ക്ക് അവകാശം ഇല്ല. കേരള പൊലീസിന് സംരക്ഷണം കൊടുക്കാന്‍ സാധിക്കുന്നില്ല എങ്കില്‍ കേന്ദ്രത്തിന്റെ സഹായം തേടാമെന്നും ജസ്റ്റിസ് അനു ശിവരാമന് ചൂണ്ടിക്കാട്ടി. കേസ് അടുത്ത മാസം 27ന് വീണ്ടും പരിഗണിക്കും.
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് സുരക്ഷ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയായ ഹോവെ എഞ്ചിനിയറിംഗും സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സമരം കാരണം തുറമുഖ നിര്‍മാണം സ്തംഭിച്ചെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറയിച്ചിരുന്നു.
അതേസമയം ഗര്‍ഭിണികളെയും കുട്ടികളെയും മുന്‍നിര്‍ത്തിയാണ് സമരമെന്നും അതിനാല്‍ കടുത്ത നടപടികള്‍ സമരക്കാര്‍ക്കെതിരെ സ്വീകരിക്കാനാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സമരം മത്സ്യതൊഴിലാളികളുടെ ജീവിതത്തെ കാര്യമായി ബാധിക്കുമെന്നും വ്യവസ്ഥകള്‍ പാലിക്കാതെയുള്ള നിര്‍മാണം അനുവദിക്കില്ലെന്നുമാണ് ഹര്‍ജിയില്‍ എതിര്‍കക്ഷികളായ വൈദികര്‍ വാദിച്ചത്.