നടിയെ ആക്രമിച്ച കേസില്‍ കോടതി മാറ്റം വേണമെന്ന അതിജീവിതയുടെ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി. കേസിലെ വാദം ഹൈക്കോടതി അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കും. സെഷന്‍സ് കോടതിയിലെ വിചാരണ നിര്‍ത്തിവയ്ക്കണം എന്ന ആവശ്യം അടുത്ത തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാന് ആണ് ഹര്‍ജി പരിഗണിക്കുന്നത്.
ജസ്റ്റിസ് കൗസര്‍ എടപ്പഗത് പിന്മാറിയ പശ്ചാത്തലത്തിലാണ് മറ്റൊരു ബെഞ്ചിലേക്ക് കേസ് എത്തിയത്. സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ തനിക് നീതി ലഭിക്കില്ലെന്നും ജഡ്ജിയുടെ ഭര്‍ത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മില്‍ ബന്ധമുണ്ടെന്നും അതിജീവിത ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഹൈക്കോടതി നേരത്തെ ഒരു ഉത്തരവിലൂടെയാണ് സെഷന്‍സ് കോടതിയില്‍ നിന്ന് കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റിയത്.
എന്നാല്‍, ഈ കേസ് മറ്റൊരു അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ വീണ്ടും സെഷന്‍സ് കോടതിയിലേക്ക് മറ്റുകയാണ് ചെയ്തത്. ഇത് നിയമപരമല്ലെന്നും അതിജീവതയുടെ ഹര്‍ജിയിലുണ്ട്. കേസില്‍ തീര്‍പ്പുണ്ടാക്കുന്നത് വരെ ജില്ലാ സെഷന്‍സ് കോടതിയിലെ വിചാരണ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.