ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്ക്കെതിരായ രാജ്യദ്രോഹക്കേസിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി. രാജ്യദ്രോഹക്കേസുകളുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കവരത്തി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറും കേസിന്മേലുള്ള തുടര്‍നടപടികളുമാണ് സ്റ്റേ ചെയ്തത്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരെ ഒരു മാധ്യമ ചര്‍ച്ചയ്ക്കിടെ നടത്തിയ പരാമര്‍ശത്തിലാണ് ഐഷ രാജ്യദ്രോഹക്കേസ് നേരിടുന്നത്. ലക്ഷദ്വീപ് സമരം ശക്തമാകുന്ന ഘട്ടത്തിലായിരുന്നു പ്രസ്താവന. ഇതിനെതിരെ ദ്വീപ് ബി.ജെ.പി അധ്യക്ഷന്‍ സി. അബ്ദുല്‍ ഖാദറാണ് പരാതി നല്‍കിയത്. പരാതിയില്‍ കേസെടുത്ത ദ്വീപ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി ഐഷയ്ക്കെതിരെ കേസെടുക്കുകയായിരുന്നു.
പ്രസ്താവന പിന്‍വലിച്ച് പിന്നീട് ഐഷ ഖേദം പ്രകടിപ്പിച്ചിരുന്നു. ദ്വീപില്‍ കൊവിവിഡ് നിയന്ത്രണങ്ങളില്‍ നല്കിയ ഇളവുകള്‍ മൂലം വലിയ രീതിയില്‍ രോഗവ്യാപനമുണ്ടായെന്നും ഈയൊരു പശ്ചാത്തലത്തിലാണ് വിവാദ പരാമര്‍ശമെന്നുമായിരുന്നു വിശദീകരണം.