കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്ല വ്യക്തിയാണെന്നും പക്ഷേ രാഷ്ട്രീയം അദ്ദേഹത്തിന് പറ്റില്ലെന്നും കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. ജമ്മു കശ്മീരില്‍ സ്വന്തമായി ഒരു പാര്‍ട്ടി രൂപീകരിക്കാനാണ് ആഗ്രഹം. താന്‍ ബി.ജെ.പിയില്‍ ചേരില്ലെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുടെ ഉന്നത തീരുമാനമെടുക്കുന്ന സമിതിയായ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി നിലവില്‍ അര്‍ത്ഥശൂന്യമാണ്. ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്തുണ്ടായിരുന്ന കൂടിയാലോചന പ്രക്രിയ തകര്‍ക്കപ്പെട്ടെന്നും അദ്ദേഹം വിമര്‍ശിച്ചു. 1998നും 2004നും ഇടയില്‍ സോണിയ ഗാന്ധി മുതിര്‍ന്ന നേതാക്കളുമായി പൂര്‍ണമായും കൂടിയാലോചന നടത്തിയിരുന്നു. അവര്‍ നിര്‍ദേശങ്ങള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി വന്നതിന് ശേഷം സോണിയാ ഗാന്ധി രാഹുല്‍ ഗാന്ധിയെ കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങി. എന്നാല്‍ അദ്ദേഹത്തിന് രാഷ്ട്രീയത്തില്‍ കഴിവില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനെ സജീവമാക്കാനുള്ള പദ്ധതികളെക്കുറിച്ചുള്ള ഒന്നിലധികം ഓര്മപ്പെടുത്തലുകള് രാഹുല്‍ ഗാന്ധി ശ്രദ്ധിച്ചില്ലെന്ന് ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി. ഒരു പദ്ധതിയും നടപ്പിലാക്കിയില്ല. കോണ്‍ഗ്രസിന്റെ അവസ്ഥ മെച്ചപ്പെടുത്താന്‍ ഒരു ശ്രമവും നടത്തുന്നില്ലെന്നും ഗുലാം നബി ആസാദ് വിമര്‍ശിച്ചു.