തമിഴ് സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളാണ് ഗൗതം മേനോൻ. കഴിഞ്ഞ 20 വർഷക്കാലമായി സിനിമയിൽ വളരെ സജീവമാണ് ഇദ്ദേഹം. സൂപ്പർതാരങ്ങളെ ആകാശത്തു നിന്നും ഭൂമിയിലേക്ക് ഇറക്കുക എന്ന പ്രക്രിയ ആയിരുന്നു ഇദ്ദേഹം ചെയ്തുകൊണ്ടിരുന്നത് എന്ന് വേണമെങ്കിൽ പറയാം. സൂപ്പർതാരങ്ങൾ ചെയ്യുന്ന കഥാപാത്രങ്ങൾ എന്തുതന്നെയായാലും അത്യന്തം റിയലിസ്റ്റിക് ആയിട്ടാണ് ഗൗതം മേനോൻ സിനിമകളിൽ ചിത്രീകരിക്കാറുള്ളത്. മനുഷ്യസഹജമായ എല്ലാ ദൗർബല്യങ്ങളും നിസ്സഹായതകളും നിറഞ്ഞ കഥാപാത്രങ്ങൾ ആയിരിക്കും ഗൗതം മേനോൻ സിനിമകളിലെ നായകന്മാർ. അതുകൊണ്ടുതന്നെ ഗൗതം മേനോൻ കഥാപാത്രങ്ങൾക്ക് തമിഴിൽ ഒരു പ്രത്യേക ഫാൻബേസ് തന്നെ ഉണ്ട്.
വിജയ്യെ നായകനാക്കി ഗൗതം മേനോൻ പ്ലാൻ ചെയ്ത ചിത്രമായിരുന്നു യോഹൻ : അദ്ധ്യായം 1 – ന്യൂയോർക്ക് സിറ്റി. എന്നാൽ പല കാരണങ്ങൾ കൊണ്ടും ഈ സിനിമ യാഥാർഥ്യമായില്ല. ഇപ്പോൾ ചിത്രത്തെക്കുറിച്ച് വീണ്ടും ചർച്ചകൾ സജീവമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ മാധ്യമത്തിന് ഗൗതം മേനോൻ നൽകിയ അഭിമുഖത്തിലായിരുന്നു ചിത്രത്തെക്കുറിച്ച് സംവിധായകൻ വീണ്ടും തുറന്നു സംസാരിച്ചത്. ആദ്യമായി ചിത്രത്തിൻറെ കഥ വെളിപ്പെടുത്തുകയും ചെയ്തു സംവിധായകൻ.
“പൂർണമായും വിദേശത്ത് ചിത്രീകരിക്കുന്ന തരത്തിൽ ഉള്ള ഒരു സ്പൈ ത്രില്ലർ ആയിട്ടായിരുന്നു യോഹൻ തീരുമാനിച്ചിരുന്നത്. ഒരു വിമാന അപകടത്തിൽ കാമുകിയെ നഷ്ടപ്പെടുകയും, അതിന് കാരണക്കാരായവരെ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു ചെറുപ്പക്കാരൻ്റെ കഥ ആയിരുന്നു യോഹൻ. പിന്നീട് ഈ വ്യക്തി അമേരിക്കൻ ചാര സംഘടനയായ സി.ഐ.എ.യുടെ ടോപ് ഏജൻറ് ആയി മാറുന്നതും ആയിരുന്നു കഥ” – അഭിമുഖത്തിൽ ഗൗതം മേനോൻ വെളിപ്പെടുത്തുന്നു. വിജയ്ക്ക് കഥ വളരെ ഇഷ്ടപ്പെട്ടു എങ്കിലും ചിത്രത്തിൻ്റെ ഭാഗമാകുവാൻ അന്ന് സാധിച്ചില്ല എന്നും പിന്നീട് ഒരിക്കൽ തീർച്ചയായും ഒരുമിക്കാം എന്ന് വിജയ് പറയുകയും ചെയ്തു എന്നാണ് ഗൗതം മേനോൻ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തൽ വന്നതോടെ വലിയ പ്രതീക്ഷയിലാണ് വിജയ് ആരാധകർ മാത്രമല്ല, തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ഒന്നടങ്കം.
വിജയ് 65 എന്ന ചിത്രത്തിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്. നെൽസൺ ദിലീപ് കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൺ പിക്ചേഴ്സ് പ്രൊഡക്ഷൻസ് ബാനറിൽ കലാനിധി മാരൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം അടുത്ത മാസം ആദ്യത്തോടെ ചിത്രീകരണം തുടങ്ങും. റഷ്യയിൽ ആയിരിക്കും ആദ്യ ഷെഡ്യൂൾ ചിത്രീകരിക്കുന്നത്. പൂജ ഹെഗ്ഡെ ആയിരിക്കും ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്.