തിരുവനന്തപുരം ചാക്കയില്‍ കൊലക്കേസ് പ്രതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് കണ്ടെത്തല്‍. കാരാളി അനൂപ് വധക്കേസ് പ്രതി സുമേഷാണ് കൊല്ലപ്പെട്ടത്. ബാറിലെ തര്‍ക്കത്തെ തുടര്‍ന്നാണ് ഇയാളെ കാറിടിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. കേസില്‍ കാട്ടക്കട സ്വദേശികളായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
സുമേഷ് സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ കാര്‍ ഇടിച്ചായിരുന്നു അപകടമുണ്ടായത്. വാഹനാപകടമാണെന്നായിരുന്നു പ്രാഥമിക നിഗമനം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇടിച്ച വാഹനം കണ്ടെത്തുകയും ഗുണ്ടാസംഘം മനപൂര്‍വമുണ്ടാക്കിയ അപകടമാണെന്ന് വ്യക്തമാവുകയും ചെയ്തു.
വഞ്ചിയൂര്‍ പൊലീസാണ് റോഡരികില്‍ പരുക്കേറ്റ് കിടക്കുന്ന സുമേഷിനെയും സുഹൃത്തിനെയും ആശുപത്രിയില്‍ എത്തിച്ചത്. സുമേഷിന്റെ സുഹൃത്ത് ചികിത്സയിലാണ്.