രാജിവച്ച മുന്‍ മന്ത്രി സജി ചെറിയാന്റെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് മറ്റ് മന്ത്രിമാരുടെ സ്റ്റാഫായി പുനര്‍ നിയമനം. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റേയും കായിക മന്ത്രി അബുറഹിമാന്റേയും പേഴ്സണല്‍ സ്റ്റാഫിലേക്കാണ് ഇവരെ മാറ്റി നിയമിച്ചത്. അഞ്ച് പേരെ വീതമാണ് രണ്ട് മന്ത്രിമാരുടേയും സ്റ്റാഫിലേക്ക് നിയമിച്ചത്. ഇതോടെ രണ്ട് മന്ത്രിമാരുടേയും സ്റ്റാഫുകളുടെ എണ്ണം 25 ല്‍ നിന്ന് 30ആയി. സജി ചെറിയന്റെ പ്രൈവറ്റ് സെക്രെട്ടറി മനു സി പുളിക്കലിനെ അബ്ദു റെഹ്മാന്റെ പ്രൈവറ്റ് സെക്രട്ടറി ആയി നിയമിച്ചിട്ടുണ്ട്.
സജി ചെറിയാന് രാജിവച്ചതിനു പിന്നാലെ ഈ മാസം 20 വരെ സ്റ്റാഫ് അംഗങ്ങളുടെ കാലാവധി നീട്ടിയിരുന്നു. 21 മുതലാണ് ഇവരെ രണ്ട് മന്ത്രിമാരുടേയും സ്റ്റാഫംഗങ്ങളാക്കി മാറ്റിയത്. സ്റ്റാഫുകള്‍ക്ക് പെന്ഷന് ഉറപ്പാക്കാന്‍ ആണ് ഈ മാറ്റം എന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ഭരണഘടന വിരുദ്ധ പ്രസംഗത്തെ തുടര്‍ന്ന് ജൂലൈ ആറാം തീയതിയാണ് സംസ്കാരിക, ഫിഷറീസ് മന്ത്രിയായിരുന്ന സജി ചെറിയാന് രാജിവച്ചത്. നിലവില്‍ മന്ത്രി വി. വാസവനാണ് ഈ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത്.