കൊല്ലം മമ്പഴത്തറ വനത്തില്‍ അതിക്രമിച്ചു കയറി കാട്ടാനകളെ പ്രകോപിപ്പിച്ചു വിഡിയോ ചിത്രീകരിച്ച വ്ളോഗര്‍ അമല അനുവിനെ കണ്ടെത്താനാകാതെ വനംവകുപ്പ്. ഇവര്‍ ഒളിവില്‍ കഴിയുന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരം ലഭിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും അവര്‍ ഉണ്ടായിരുന്നില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷക്കായി അമല കൊച്ചിയിലേക്ക് മാറിയെന്നാണ് വിവരം. അതേസമയം, അമല അനുവിന്റെ കാര്‍ വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തു.
എട്ട് മാസം മുമ്പാണ് അമല അനു വിവാദ വിഡിയോ തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരുന്നത്. ഹെലിക്യാം ഉപയോഗിച്ച് വിഡിയോ ചിത്രീകരിച്ച ശേഷം ആനയെ അടുത്ത് കാണാന്‍ അമല സാഹസികമായി കാട്ടിലേക്ക് കയറുന്നതും കലിപൂണ്ട കാട്ടാന അമലയെ ഓടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. എന്നാല്‍ അന്ന് അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ ചില ട്രോള്‍ ഗ്രൂപ്പുകളിലും ഓണ്‍ലൈന്‍ പേജുകളിലുമായി വൈറലായി.
തുടര്‍ന്ന് വനം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ വിഡിയോ പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ചുകയറിയതിനും ആനയെ പ്രകോപിപ്പിച്ചതിനും വന്യജീവി സംരക്ഷണനിയമപ്രകാരം എട്ട് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളും കൂട്ടത്തിലുണ്ട്.