ടെലിവിഷന്‍ പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധനേടിയ നടന് ലോകേഷ് രാജേന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തി. 34 വയസായിരുന്നു. ലോകേഷിന് ചില കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇത് മാനസികമായി ഇദ്ദേഹത്തെ തളര്‍ത്തിയിരുന്നുവെന്ന് പറയുന്നു. ഇതുകൊണ്ടാണോ ലോകേഷ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. സിആര്‍പിസി സെക്ഷന്‍ 174 പ്രകാരം പൊലീസ് കേസ് എടുത്തിട്ടുണ്ട്.
ചെന്നൈ മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പലപ്പോഴും കിടന്നുറങ്ങിയിരുന്ന ഇദ്ദേഹത്തെ പലരും തിരിച്ചറിഞ്ഞിരുന്നു. തിങ്കളാഴ്ചയും ഇതേ സ്ഥലത്ത് ഇദ്ദേഹത്തെ ശാരീരികാസ്വാസ്ഥ്യത്തോടെ കാണപ്പെട്ട ചിലര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.
മരണത്തിന് നാല് ദിവസങ്ങള്‍ക്കു മുന്‍പ് ഭാര്യയില്‍ നിന്ന് ലോകേഷിന് വിവാഹ മോചനത്തിനുള്ള ഒരു നോട്ടീസും ലഭിച്ചിരുന്നുവെന്ന് ലോകേഷിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ചയാണ് മകനെ അവസാനം കണ്ടതെന്നും, കുറച്ച് പണം വേണമെന്ന് ആവശ്യപ്പെട്ടതു പ്രകാരം നല്‍കിയെന്നും പിതാവ് പറഞ്ഞു. ഒരു എഡിറ്റര്‍ എന്ന നിലയില്‍ ജോലി ചെയ്യാന്‍ പോവുകയാണെന്നും പറഞ്ഞിരുന്നു, ലോകേഷിന്റെ പിതാവ് പറയുന്നു.
ബാലതാരമായിരുന്നപ്പോള്‍ അഭിനയിച്ച മര്‍മദേശം എന്ന പരമ്പരയിലെ വേഷമാണ് ലോകേഷിന്റേതായി ഏറ്റവുമധികം പ്രേക്ഷകശ്രദ്ധ നേടിയത്. നൂറ്റിയന്‍പതോളം സീരിയലുകളിലും 15 സിനിമകളിലും അഭിനയിച്ചിട്ടുണ്ട് ഇദ്ദേഹം.