ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാര്‍ വാഹനം ഇനി വിഘ്നേഷ് വിജയകുമാറിന് സ്വന്തം. ലേലത്തുകയുടെ ചെക്ക് വിഘ്നേഷിന് വേണ്ടി പിതാവ് വിജയകുമാര്‍ ദേവസ്വത്തിന് കൈമാറി.
കഴിഞ്ഞ ദിവസം ചേര്‍ന്ന ദേവസ്വം ബോര്‍ഡ് മാനേജിങ് കമ്മിറ്റി യോഗത്തിലാണ് ലേലം അംഗീകരിച്ചതായി തീരുമാനമെടുത്തത്. തുടര്‍ന്ന് വാഹനം ലേലത്തില്‍ സ്വന്തമാക്കിയ വിഘ്നേഷിനെ അധികൃതര്‍ ബന്ധപ്പെട്ട് പണം നല്കാന് ആവശ്യപ്പെടുകയായിരുന്നു. നേരത്തെ നല്കിയ 25 ലക്ഷം രൂപയുടെ ബാക്കി തുകയായ 23,16,000 രൂപയുടെ ചെക്കാണ് വെള്ളിയാഴ്ച വിഘ്നേഷിന്റെ പിതാവ് വിജയകുമാര്‍ മേനോന് കൈമാറിയത്.
ഇനി വാഹനത്തിന്റെ ഉടമസ്ഥാവകാശം വിഘ്നേഷിന്റെ പേരിലേക്ക് മാറ്റുന്നതിന് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇത് കൂടി പൂര്‍ത്തിയായ ശേഷം വാഹനം വിഘ്നേഷിന് കൊണ്ടുപോകാം. ഉടമസ്ഥാവകാശം മാറ്റുന്ന നടപടികള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ വാഹനം ഏറ്റുവാങ്ങാന്‍ വിഘ്നേഷ് ദുബായില്‍ നിന്ന് നേരിട്ടെത്തും.