മലയാള സിനിമയിലെ ഏറ്റവും തിരക്കേറിയ നടന്മാരിൽ ഒരാളാണ് ഫാസിൽ. കേരളത്തിന് പുറത്ത് ഏറ്റവുമധികം ആരാധകരുള്ള മലയാള നടന്മാരിൽ ഒരാൾ കൂടിയാണ് ഫഹദ്. ലോക്ക്ഡൗൺ കാലയളവിൽ ഏറ്റവും കൂടുതൽ മലയാളി ഇതര കാഴ്ചക്കാർ ഉണ്ടായത് ഫഹദ് ഫാസിൽ സിനിമകൾക്കാണ്. ആന്ധ്ര സംസ്ഥാനങ്ങളിലും ഫഹദിന് ഇപ്പോൾ നിറയെ ആരാധകർ ഉണ്ട്. ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഫഹദ് പറഞ്ഞ ഉത്തരം ആണ് ഇപ്പോൾ വൈറലാകുന്നത്.
സിനിമ കഴിഞ്ഞാൽ ഏറ്റവുമധികം ആസ്വദിക്കുന്നത് എന്തായിരിക്കും എന്നതായിരുന്നു ചോദ്യം. ഇതിനു ഫഹദ് നൽകിയ മറുപടിയാണ് കൗതുകകരമായത്. “പത്തു വർഷങ്ങൾക്കു മുൻപ് ഞാൻ സിനിമയിലെത്തിയപ്പോൾ, സിനിമയുടെ ഒരു ഭാഗം ആകണം എന്നത് മാത്രമായിരുന്നു ആഗ്രഹം. ഞാൻ അഭിനയിക്കുന്നത് ഇഷ്ടപ്പെട്ട് തുടങ്ങിയ സമയമായിരുന്നു അത്. ഇന്നിപ്പോൾ സിനിമ കഴിഞ്ഞാൽ ഞാൻ ഏറ്റവുമധികം ആസ്വദിക്കുക ഒരു യൂബർ ഡ്രൈവറുടെ ജോലി ആയിരിക്കും. എനിക്ക് ആളുകൾക്ക് വേണ്ടി ഡ്രൈവ് ചെയ്യുവാൻ ഇഷ്ടമാണ്. ഞാൻ പലപ്പോഴും നസ്രിയയോട് പറയാറുണ്ട്, റിട്ടയർമെന്റിനുശേഷം ബാഴ്സലോണയിലേക്ക് മാറണമെന്നും എന്നിട്ട് സ്പെയിൻ മുഴുവൻ ആളുകളെ എത്തിക്കുന്ന ഒരു ഡ്രൈവറായി ജോലി എടുക്കണമെന്നും”.
ഫഹദ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് സി യു സൂൺ. അടുത്ത ദിവസം ചിത്രം ആമസോൺ പ്രൈമിൽ ലഭ്യമാകും. ടേക്ക് ഓഫ് എന്ന ചിത്രം സംവിധാനം ചെയ്ത മഹേഷ് നാരായണൻ ആണ് സീ യൂ സൂൺ സംവിധാനം ചെയ്യുന്നത്. ഫഹദ് ഫാസിൽ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. റോഷൻ മാത്യു, ദർശന രാജേന്ദ്രൻ, മാല പാർവതി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.