ഒറ്റ ദിവസം നിര്‍ത്താതെ മഴ പെയ്താല്‍ കൊച്ചി വെള്ളത്തിലാകും. ഇന്നലെയും ഇന്നുമായി നിന്നു പെയ്ത മഴയില്‍ കൊച്ചിയിലെ പല ഭാഗത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. ഏത് മഴക്കാലത്തും വെള്ളക്കെട്ടുണ്ടാകുന്ന പ്രധാന കേന്ദ്രമാണ് കെ.എസ്.ആര്.ടി.സിയുടെ എറണാകുളം ഡിപ്പോ. ഇന്ന് പെയ്ത മഴയിലും പതിവു പോലെ കെ.എസ്.ആര്.ടി.സി ഡിപ്പോ വെള്ളത്തിലായി. ബസുകള്‍ക്ക് പോലും സ്റ്റാന്റിലേക്ക് കടക്കാനാകാത്ത വിധത്തിലായിരുന്നു വെള്ളക്കെട്ടുണ്ടായിരുന്നത്.
ഡിപ്പോയുടെ ഓഫിസുകളിലും വെള്ളം കയറി. കസേരകളില്‍ ഇരിക്കാന്‍ പോലും സാധിക്കാത്ത വിധത്തിലാണ് വെള്ളം കയറിയത്. ഇതോടെ ജീവനക്കാര്‍ ചേര്‍ന്ന് രസകരമായ രീതിയില്‍ വഞ്ചിപ്പാട്ട് അവതരിപ്പിച്ചു. വെള്ളം കയറിയ ഓഫിസിനുള്ളിലെ മേശയില്‍ കയറിയിരുന്നാണ് ഡിപ്പോ മാനേജരും രണ്ട് ജീവനക്കാരും വഞ്ചിപ്പാട്ട് പാടി വള്ളം തുഴയുന്നത് പോലെ അഭിനയിക്കുന്നത്. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ഇന്ന് പെയ്ത മഴയില്‍ കലൂര്‍, കടവന്ത്, എം ജി റോഡ് എന്നിവിടങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. രാവിലെ പെയ്ത് തുടങ്ങിയ മഴ രണ്ട് മണിക്കൂറോളം തോരാതെ നിന്നു. ഇതോടെ നഗരത്തിലെ പ്രധാന ഭാഗങ്ങളെല്ലാം വെള്ളത്തിലാകുകയായിരുന്നു.