പുരാവസ്തു വില്പനക്കാരനെന്ന വ്യാജേന കോടികള്‍ തട്ടിച്ച മോന്സണ് മാവുങ്കലിനെതിരായ കേസില്‍ നടന് മോഹന്‍ലാലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മോഹന്‍ലാലിന് ഇ.ഡി നോട്ടിസ് അയച്ചു.
അടുത്തയാഴ്ച ഇ.ഡി കൊച്ചി മേഖല ഓഫിസില്‍ ഹാജരാകാനാണ് മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കേസിന് പുറമേ മറ്റൊരു കേസിലും മോഹന്‍ലാലിന്റെ മൊഴിയെടുക്കും.
മോന്സണ് മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ മോഹന്‍ലാല്‍ എത്തിയിരുന്നതായി ഇ.ഡിക്ക് മൊഴി ലഭിച്ചിരുന്നു. മറ്റൊരു നടനാണ് മോഹന്‍ലാലിനെ ഇവിടെ എത്തിച്ചതെന്നാണ് മൊഴി. മോന്സണ് കേസിന് പുറമേ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ക്കൂടി മോഹന്‍ലാലിന്റെ മൊഴിയെടുക്കേണ്ടത് അനിവാര്യമാണെന്നാണ് സൂചന.