വിമാന കമ്പനിയായ ഇന്‍ഡിഗോയ്ക്കെതിരെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. ഇന്‍ഡിഗോ വൃത്തികെട്ട കമ്പനിയാണെന്നും അവരുടെ ഫ്ളൈറ്റ് സര്‍വീസ് ബഹിഷ്ക്കരിക്കുകയാണെന്നും ജയരാജന് പറഞ്ഞു. വിമാനത്തില്‍ ഇ.പി ജയരാജനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായത് വിവാദമായിരുന്നു. ഇതിന് പിന്നാലെ ഇ.പി ജയരാജന് ഇന്‍ഡിഗോ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇ.പി ജയരാജന്റെ പ്രതികരണം.
‘ഇന്‍ഡിഗോ ഏവിയേഷന്‍ നിയമ വിരുദ്ധമായ നടപടിയാണ് എടുത്തതെന്ന് ഇ.പി ജയരാജന് പറഞ്ഞു. ക്രിമിനലുകളെ തടയാന്‍ ഒരു നടപടിയും വിമാനകമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. മുഖ്യമന്ത്രിക്ക് ഭീകരവാദികളുടെ ഭീഷണി ഉണ്ട്. ഈ മാസം ഒന്‍പതിന് ഇന്‍ഡിഗോ കമ്പനിയില്‍ നിന്ന് ഡിസ്കഷന് വേണ്ടി ഒരു കത്ത് ലഭിച്ചിരുന്നു. 12 ന് വിശദീകരണം നല്‍കാനും പറഞ്ഞിരുന്നു. എന്നാല്‍ മറുപടി നേരിട്ട് നല്കാന് ബുദ്ധിമുട്ടുണ്ടെന്നും അഭിഭാഷകയെ നിയോഗിച്ചെന്നും അവരെ അറിയിച്ചതാണെന്നും ഇ.പി ജയരാജന് പറഞ്ഞു.
ഇന്‍ഡിഗോ കമ്പനിയുടെ വിമാനത്തില്‍ ഇനി യാത്ര ചെയ്യില്ല. നിലവാരമില്ലാത്ത കമ്പനിയാണത്. ഇന്നത്തെ ടിക്കറ്റ് അടക്കം റദ്ദാക്കി. ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്തിലെങ്കില്‍ തനിക്ക് ഒന്നും സംഭവിക്കില്ല. അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് അവര്‍ക്കുള്ളത്. ശരിക്കും തനിക്ക് അവാര്‍ഡ് നല്‍കേണതാണ്. അവര്‍ക്ക് ഉണ്ടാകേണ്ട ചീത്തപ്പേര് തടഞ്ഞത് താനാണെന്നും ഇ.പി ജയരാജന് പറഞ്ഞു.
അതേസമയം, ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എസ് ശബരീനാഥന് പൊലീസ് നോട്ടിസ് അയച്ചു. വധശ്രമത്തിന്റെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ചോദ്യം ചെയ്യല്‍. നാളെ 11 മണിക്ക് അന്വേഷണ ചുമതലയുള്ള തിരുവനന്തപുരം ശംഖുമുഖം അസി.കമ്മീഷണറുടെ ഓഫിസില്‍ ഹാജരാകാനാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ശബരീനാഥനും പങ്കാളിയാണെന്നാണ് പൊലീസ് കരുതുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനുള്ള സാധ്യതയെക്കുറിച്ച് നിര്‍ദേശിക്കുന്നതിന്റെ സ്ക്രീന്‍ഷോട്ട് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് പൊലീസ് നേരത്തെ തന്നെ അന്വേഷണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ശബരിയെ നേരിട്ട് വിളിച്ചു വരുത്തി ചോദ്യം ചെയ്യാന്‍ പൊലീസ് ഒരുങ്ങുന്നത്.
വിമാനത്തില്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ടിക്കറ്റ് എടുത്ത് നല്കിയ നേതാക്കളെ കേന്ദ്രീകരിച്ച് കണ്ണൂരിലും അന്വേഷണം നടക്കുന്നുണ്ട്.