മലയാളസിനിമയുടെ നാഴികകല്ലുകളിൽ ഒന്നായി മാറിയ ചിത്രമായിരുന്നു ദൃശ്യം. 2013 വർഷത്തിൽ ആണ് ദൃശ്യം പുറത്തിറങ്ങിയത്. ജിത്തുജോസഫ് സംവിധാനം ചെയ്ത ചിത്രം ആൻറണി പെരുമ്പാവൂർ ആയിരുന്നു നിർമ്മിച്ചത്. മോഹൻലാൽ ആയിരുന്നു ജോർജുകുട്ടി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. മലയാള സിനിമയിലെ ആദ്യ 50 കോടി ചിത്രം കൂടിയായിരുന്നു ഇത്. ചിത്രം 6 ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടുമുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 19ന് ആയിരുന്നു ദൃശ്യം 2 പുറത്തിറങ്ങിയത്. ആമസോണിൽ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. മലയാളത്തിലെ ആദ്യ വലിയ ഓൺലൈൻ റിലീസ് കൂടിയായിരുന്നു ഇത്. അത്യുഗ്രൻ റിപ്പോർട്ടുകളാണ് ചിത്രത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. രണ്ടാം ഭാഗം പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ തെലുങ്ക് പതിപ്പും അനൗൺസ് ചെയ്തു. വെങ്കടേഷ് തന്നെയാണ് രണ്ടാം ഭാഗത്തിലും നായകനായി എത്തുന്നത്. മലയാളത്തിലെ രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങൾ അതേ കഥാപാത്രങ്ങളെ തെലുങ്കിലും അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിൽ മീന അവതരിപ്പിച്ച കഥാപാത്രം തെലുങ്കിലും മീന തന്നെയാണ് ചെയ്യുന്നത്. അതുപോലെതന്നെ എസ്തർ അവതരിപ്പിച്ച കഥാപാത്രവും എസ്തർ തന്നെയാണ് പുനരവതരിപ്പിക്കുന്നത്. ഇപ്പോൾ എസ്തർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് വൈറലായി മാറുന്നത്.
ദൃശ്യം 2 തെലുങ്ക് ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ആദ്യമായി ഷൂട്ട് ചെയ്ത സീൻ ഏതാണ് എന്ന് നിങ്ങൾക്കറിയുമോ? ഒരു ഗാനരംഗത്തിന് ഇടയിൽ വന്നു പോകുന്ന സീൻ ആണ് ഇവർ ആദ്യമായി ഷൂട്ട് ചെയ്തത്. ഒരേ പകൽ എന്നു തുടങ്ങുന്ന പാട്ടിനിടയിൽ ഇവർ ഫാമിലിയായി മൊബൈൽ ഫോൺ വാങ്ങാൻ പോകുന്ന ഒരു രംഗമുണ്ട്. ആ രംഗം അതുപോലെതന്നെ തെലുങ്കു സിനിമയിലും ഉണ്ട് എന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. ഇത് ഏതു സീൻ ആണ് എന്ന് നിങ്ങൾക്ക് മനസ്സിലായോ? എന്ന അടിക്കുറിപ്പോടെയാണ് എസ്തർ അനിൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
അതിവേഗം ആയിരുന്നു ദൃശ്യം 2 മലയാള സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ഒറ്റ ഷെഡ്യൂൾ ആയിട്ടായിരുന്നു മലയാളത്തിൽ ഷൂട്ടിംഗ്. എന്നാൽ രണ്ട് ഷെഡ്യൂൾ ആയിട്ടായിരിക്കും തെലുങ്കിൽ ഈ ചിത്രം പൂർത്തിയാകുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഏപ്രിൽ മാസത്തോടെ ഷൂട്ടിങ് പൂർത്തിയാകുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ജൂലൈ മാസത്തിൽ ആയിരിക്കും ചിത്രത്തിൻറെ റിലീസ്. ഇതിനിടയിൽ മറ്റു സിനിമകളുടെ തിരക്ക് ഉള്ളതുകൊണ്ടാണ് വെങ്കിടേഷ് രണ്ട് ഷെഡ്യൂളിൽ ചിത്രം തീർക്കുവാൻ ആവശ്യപ്പെട്ടത്. ധനുഷ് നായകനായ അസുരൻ എന്ന സിനിമയുടെ തെലുങ്ക് റീമേക്കിലാണ് വെങ്കിടേഷ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.