കിടിലൻ നൃത്തച്ചുവടുകളുമായി ദിയ കൃഷ്ണകുമാർ, ഏറ്റെടുത്ത് മലയാളികൾ

പ്രമുഖ നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിനെയും കുടുംബത്തെയും മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കുടുംബത്തിലെ അംഗങ്ങൾ എല്ലാം തന്നെ പ്രേക്ഷക സ്വീകാര്യതയുള്ള വ്യക്തികളാണ്. കൃഷ്ണ കുമാറിൻ്റെ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ കുമാർ. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് താരം. തൻറെ വിശേഷങ്ങളൊക്കെ ഇടയ്ക്കിടെ വീഡിയോയായും ചിത്രങ്ങളായും ആരാധകർക്ക് വേണ്ടി പങ്കു വയ്ക്കാറുണ്ട് ദിയ.

ടിക് ടോക്ക് ആയിരുന്നു ദിയയുടെ ആദ്യത്തെ പ്രധാന പ്ലാറ്റ്ഫോം. ഇതിലൂടെ ആണ് താരം ആദ്യമായി നിരവധി ആരാധകരെ നേടിയെടുത്തത്. പിന്നീട് മറ്റു സാമൂഹ്യ മാധ്യമങ്ങളിലേക്ക് ദിയ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതിലൊക്കെ തന്നെയും പ്രബലമായ ആരാധക വൃന്ദം ഉണ്ട് താരത്തിന്. ഇപ്പോൾ ഒരു സിൽവർ പ്ലേ ബട്ടൺ സ്വന്തമായുള്ള യൂട്യൂബ് ചാനലിൻ്റെ ഉടമയും, ഇൻസ്റ്റയിലെ പ്രമുഖ ഇൻഫ്ലുവൻസർമാരിൽ ഒരാളുമാണ് ദിയ. ദിയയെ സ്നേഹ പൂർവ്വം വിളിക്കുന്നത് ഓസി എന്നാണ്.

സുഹൃത്തുക്കൾക്കൊപ്പം ഉള്ള ഡാൻസ് വീഡിയോകളും ആയി ഇടയ്ക്കിടെ ദിയ പ്രത്യക്ഷപ്പെടാറുണ്ട്. അങ്ങനെ ഒരു വീഡിയോ ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ ട്രെൻഡിങ് ആയിരിക്കുകയാണ്. അന്യൻ എന്ന വിക്രം ചിത്രത്തിലെ അന്ദകാക്ക കൊണ്ടകാരി എന്ന പാട്ടിന് ആണ് ദിയയും സുഹൃത്തായ വൈഷ്ണവും ചുവടുകൾ വയ്ക്കുന്നത്. ഓസി പ്രൊഡക്ഷൻസ് സംവിധാനം ചെയ്ത വീഡിയോ ഓസി ടാക്കീസ് എന്ന യൂട്യൂബ് ചാനലിലൂടെ ആണ് റിലീസ് ചെയ്തിരിക്കുന്നത്. യൂട്യൂബിൽ ട്രെൻഡിങ് ആയിരിക്കുന്ന വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത് ഏതാണ്ട് അറുപത്തിരണ്ടായിരം പേരാണ്.

തൻറെ സഹോദരിമാരെല്ലാം തന്നെ സിനിമയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും ദിയ ഇതുവരെ ആ പാത പിന്തുടർന്നിട്ടില്ല. കൊറോണ വന്നതു കൊണ്ട് ലോകത്ത് ഗുണം ഉണ്ടായ അപൂർവ്വം വ്യക്തികളിൽ ഒരാളാണ് താനെന്ന് ദിയ മുൻപ് പറഞ്ഞിട്ടുണ്ട്. എല്ലാവരും സാമ്പത്തിക പ്രശ്നങ്ങളിൽ പെട്ടപ്പോൾ തനിക്ക് വരുമാനം കിട്ടി തുടങ്ങിയെന്നും ദിയ പറയുന്നു. ഇൻസ്റ്റഗ്രാമിൽ ഞാനിപ്പോൾ ഒരു ഇൻഫ്ലുവൻസറാണ്. ചെറുതും വലുതുമായ ബ്രാൻഡുകൾ മാർക്കറ്റിങ്ങിന് ആയി സമീപിക്കുന്നുണ്ട്. ഞാൻ പരിചയപ്പെടുത്തുന്ന പ്രൊഡക്ടുകൾ ആളുകൾ സ്വീകരിക്കുന്നുമുണ്ട്. താരം പറഞ്ഞു.