കഴിഞ്ഞദിവസമായിരുന്നു നാടന്‍ ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടത്. വിമാനത്തിന്റെ കോക്ക്പിറ്റിലേക്ക് ഷൈന്‍ കയറാന്‍ ശ്രമിച്ചു എന്ന ആരോപണമാണ് നടനു നേരെ വന്നത്. ഇപ്പോഴിതാ സംഭവത്തില്‍ സംവിധായകന് സോഹന്‍ സീന്ലാല് പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ഷൈന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും, ക്യാബിന് ക്രൂ തെറ്റിദ്ധരിച്ചതാണെന്നും സോഹന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഷൈന്‍ വളരെ ക്ഷീണിതനായിരുന്നു. ഫ്ലൈറ്റില്‍ കയറിയ ഉടനെ അദ്ദേഹം സീറ്റില്‍ കിടന്ന് ഒന്ന് ഉറങ്ങാന്‍ നോക്കി. അപ്പോള്‍ ക്യാബിന് ക്രൂ വന്ന് അദ്ദേഹത്തെ ഉണര്‍ത്താന്‍ ശ്രമിച്ചു. മലയാളികള്‍ക്കറിയാം ഷൈനിന്റെ ഒരു രീതി. ഷൈന്‍ പെട്ടെന്ന് എണീറ്റ് അങ്ങോട്ട് നീങ്ങിയപ്പോള്‍ ക്യാബിന് ക്രൂ കരുതിയത് ഷൈന്‍ കോക്ക്പിറ്റിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിക്കുന്നു എന്നാണ്.
കോക്ക്പിറ്റില്‍ കയറാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല. അതിന്റെ കാര്യം അദ്ദേഹത്തിന് ഇല്ലല്ലോ. ഇത് ദുബൈ വിമാനത്താവള അധികൃതരോടും ക്യാബിന് ക്രൂവിനോടുമൊക്കെ പറഞ്ഞു മനസിലാക്കാന്‍ ഒരുപാട് സമയം എടുത്തു. അടുത്ത ഫ്ലൈറ്റില്‍ ഷൈന്‍ കൊച്ചിയിലേക്ക് വരും, സോഹന്‍ സീനുലാല്‍ പറയുന്നു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നേമുക്കാലിന് ദുബൈയില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യയുടെ എഐ 934 വിമാനത്തിന്റെ കോക്ക്പിറ്റിലേക്ക് ഷൈന്‍ കയറാന്‍ ശ്രമിച്ചതായായിരുന്നു ആരോപണം. ദുബൈ വിമാനത്താവളത്തിലാണ് അനിഷ്ട സംഭവം ഉണ്ടായത്. ഷൈന്‍ ടോം ചാക്കോയെ ഇറക്കിവിട്ട ശേഷം മുക്കാല്‍ മണിക്കൂറോളം വൈകിയാണ് വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടത്.