പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കമലഹാസന് ചിത്രം വിക്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തു. ഉലകനായകനൊപ്പം നിരവധി മലയാള താരങ്ങളും ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രഖ്യാപന ദിവസം മുതല്‍ ശ്രദ്ധനേടിയ ഒരു ചിത്രം കൂടിയാണ് വിക്രം.
എന്നാല്‍ റിലീസിന് തൊട്ട് മുന്‍പ് സംവിധായകന് ലോകേഷ് കനകരാജ് നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ വൈറലാകുന്നത്. വ്യാഴാഴ്ച രാത്രിയോടെയാണ് തന്റെ മൂന്നാമത്തെ ചിത്രത്തിന്റെ പ്രതീക്ഷകളും, അത് ഉണ്ടായ വഴിയും വ്യക്തമാക്കി ലോകേഷ് ഒരു പോസ്റ്റ് ഇട്ടത്. തന്റെ ലെറ്റര്‍ പാഡിലെ ആ കത്തില്‍ കമല്‍ ഹാസനൊപ്പം ചെയ്ത ചിത്രത്തിന്റെ ആവേശം ലോകേഷ് പങ്കുവച്ചു. ഒപ്പം തന്നെ ഇത്രയും ആവേശം തന്റെ മറ്റു റിലീസുകള്‍ക്ക് ഉണ്ടായിരുന്നില്ലെന്നു ലോകേഷ് പറയുന്നു.
എന്നാല്‍ പോസ്റ്റിലെ അവസാന വരിയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. വിക്രം കാണുന്നതിന് മുന്‍പ് ദയവായി ഒന്നുകൂടി തന്റെ ചിത്രമായ കൈതി കാണൂ എന്നാണ് സംവിധായകന് പ്രേക്ഷകരോട് പറയുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ് ഉണ്ടാക്കുന്നത്. നേരത്തെ ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയ സമയത്ത് കൈതിയിലെ ചില ചിഹ്നങ്ങളും ചില കാര്യങ്ങളും അതില്‍ കണ്ടെത്തിയിരുന്നു പ്രേക്ഷകര്‍.
#Vikram 🔥@ikamalhaasan pic.twitter.com/vMKR4HnImF
— Lokesh Kanagaraj (@Dir_Lokesh) June 2, 2022
കൈതിയില്‍ അവസാനം നായകനെക്കുറിച്ച് ‘സംഭവം ഇറുക്ക്’ (ഒരു സംഭവം ഉണ്ട്) എന്ന് പറയുന്നുണ്ട്. ഇത് വലിയ വൈറലായ ഡയലോഗാണ്. ഈ സംഭവം വിക്രം ആണോ എന്ന ചോദ്യമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. എന്തായാലും ഇന്ന് രാവിലെ അഞ്ച് മണി മുതല്‍ വിക്രം ഷോകള്‍ ആരംഭിച്ചു കഴിഞ്ഞു.