അന്തരിച്ച സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ വനിതാ കമ്മിഷന് അധ്യക്ഷയുമായ എം. സി ജോസഫൈന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിന് കൈമാറും. ജോസഫൈന്റെ ആഗ്രഹപ്രകാരമാണ് മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറുക. നിലവില്‍ കണ്ണൂരാണ് മൃതദേഹമുള്ളത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെയായിരുന്നു ജോസഫൈന്റെ അന്ത്യം. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയ ജോസഫൈന് ഒമ്പതാം തീയതിയാണ് ഹൃദയാഘാതമുണ്ടായത്. വൈകുന്നേരം സമ്മേളന വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കണ്ണൂരിലെ എകെജി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വിട്ടുവീഴ്ചയില്ലാച്ച നിലപാടുകളുടെ പേരില്‍ ശ്രദ്ധേയയായിരുന്നു എം.സി ജോസഫൈന്. പാര്‍ട്ടിയുടെ സംഘടനാ രംഗത്തായിരുന്നു ദീര്‍ഘനാളായി പ്രവര്‍ത്തനം. അച്യുതാനന്ദന് വിഭാഗത്തില്‍ ഉറച്ചു നിന്ന നേതാവാണ് ജോസഫൈന്, പാര്‍ട്ടി വിഭാഗീയതയുടെ പേരില്‍ തെരഞ്ഞെടുപ്പ് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടും ഉറച്ചു നിന്നു. ഒരു വട്ടം ജിസിഡിഎ ചെയര്‍പേഴ്സണായി. സിപിഐഎം വിഭാഗീയത കത്തി നിന്ന സമയത്തും വിഎസിനൊപ്പമായിരുന്നു ജോസഫൈന് നിലയുറച്ചത്. സംസ്ഥാന വനിതാ കമ്മിഷന് പദവി വഹിക്കുന്നതിനിടെ സ്വീകരിച്ച നിലപാടുകളും പ്രതികരണങ്ങളും ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.