തമിഴ് ഗാനരചയിതാവ് കബിലന്റെ മകളും ഫാഷന്‍ ഡിസൈനറുമായ തൂരിഗൈയെ മരിച്ച നിലയില്‍ കണ്ടെത്തി. അരുമ്പാക്കം എം.എം.ഡി.എ കോളനിയിലെ വീട്ടിലാണ് തൂരിഗൈയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
എഴുത്തുകാരിയും ഫാഷന്‍ ഡിസൈനറുമാണ് തൂരിഗൈ. നിരവധി തമിഴ് സിനിമകളില്‍ കോസ്റ്റ്യൂം ഡിസൈനറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കായി 2020ല്‍ ‘ബീങ് വുമന്‍’ എന്ന ഡിജിറ്റല്‍ മാഗസിന് തുടങ്ങി. മാറ്റത്തിനായി ആഗ്രഹിക്കുന്ന സ്ത്രീകളുമായുള്ള അഭിമുഖങ്ങള്‍ പ്രസിദ്ധീകരിച്ചു. മാഗസിന്റെ രണ്ട് വര്‍ഷം തികയുന്നതിന്റെ ഭാഗമായി ചെന്നൈ ഐഐടി കാമ്പസില്‍ ‘ഫ്രണ്ട്ഷിപ്പ് ഐക്കണ്‍ അവാര്‍ഡ്’ എന്ന പേരില്‍ ഒരു അവാര്‍ഡ് ഷോ സംഘടിപ്പിക്കാന്‍ തൂരിഗൈ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ആഴ്ചകളില്‍ ആ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയായിരുന്നു തൂരിഗൈ.
തൂരിഗൈയ്ക്ക് വിഷാദരോഗം ബാധിച്ചിരുന്നുവെന്ന് നടിയും സുഹൃത്തുമായ ശരണ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അവള് ധീരയായ പെണ്‍കുട്ടിയായിരുന്നുവെന്നും വിഷാദമാണ് അവളെ കൊന്നതെന്നും ശരണ്യ പറഞ്ഞു. അവള്‍ക്ക് ആവശ്യമായിരുന്ന സ്നേഹം വേണ്ട സമയത്ത് പ്രിയപ്പെട്ടവര്‍ നല്‍കിയില്ലെന്നും ശരണ്യ പറഞ്ഞു.