നാനി നായകനായി എത്തിയ പുതിയ ചിത്രമാണ് ദസറ. നവാഗതനായ ശ്രീകാന്ത് ഒഡേല രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം മാസ് ആക്ഷന്‍ എന്റര്ടെയ്നര് ആയിട്ടാണ് ഒരുങ്ങിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം തീയറ്ററില്‍ എത്തിയ ചിത്രം ആദ്യ ദിനം മുതല്‍ വന്‍ പ്രതികരണമാണ് നേടുന്നത്. ചിത്രം ആദ്യ ദിനം തന്നെ ആഗോള തലത്തില്‍ 30 കോടിക്ക് മുകളില്‍ നേടിയിരുന്നു.
ഇപ്പോഴിത ചിത്രത്തിന്റെ രണ്ടാം ദിവസവും ഈ കുതിപ്പ് തുടരുകയാണ്. ഇപ്പോഴിത ചിത്രം ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് മാത്രം 50 കോടി നേടിയിരിക്കുകയാണ്.
മാര്‍ച്ച് 30ന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് മാത്രം 53 കോടി നേടി. ഇന്ത്യയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപ്പണിംഗ് കളക്ഷന്‍ നേടുന്ന തെന്നിന്ത്യന്‍ ചിത്രവും ദസറയാണ്.
സിങ്കരേണി കല്‍ക്കരി ഖനികളുടെ പശ്ചാത്തലത്തില്‍, നാനി അവതരിപ്പിക്കുന്ന ധരണി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. മാസ്-ഇമോഷന് ഡ്രാമ എന്നതാണ് ചിത്രത്തിന്റെ ഴോണര്‍.
കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായിക. മലയാളി നടന് ഷൈന്‍ ടോം ചാക്കോ ദാസറയില് ചിന്ന നമ്പി എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സമുദ്രക്കനി, സായ് കുമാര്‍, ഷംന കാസിം എന്നിവരും ദസറയിലെ മറ്റ് പ്രധാന അഭിനേതാക്കളാണ്.
സത്യന് സൂര്യന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് നവീന്‍ നൂലിയാണ്. 65 കോടിയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചിലവ്.ഇ4 എന്റര്‍ടെയ്ന്‍മെന്റ്സ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിച്ചിരിക്കുന്നത്.