നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് കൊവിഡ് പ്രതിരോധ വാക്സിന് മാറി നല്കിയ സംഭവത്തില്‍ 3 പേര്‍ക്കെതിരെ നടപടി. അസിസ്റ്റന്റ് സര്ജന് ഡോ. കെ. കീര്‍ത്തിമയെ പാലക്കാട് ആനക്കട്ടിയിലേക്കും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ റാസാക്ക്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് കെ.യമുന എന്നിവരെ കണ്ണൂരിലേക്കും സ്ഥലംമാറ്റി.
കഴിഞ്ഞ മാസം 28നാണ് കുട്ടികള്‍ക്ക് കോര്‍ബിവാക്സ് നല്കേണ്ടതിന് പകരം കൊവാക്സിന് നല്‍കിയത്. 80 കുട്ടികള്‍ക്ക് ആണ് വാക്സിന് മാറി നല്‍കിയത്. 12നും 14 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് കോര്ബിവാക്സിന് പകരം കൊവാക്സിന് നല്‍കിയത്. സംഭവത്തിന് പിന്നാലെ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങിയിരുന്നു.
അതേസമയം ഏഴ് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കൊവാക്സിന് നല്കാന് അനുമതി ഉണ്ടെന്ന് ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ പറഞ്ഞു. മാതാപിതാക്കള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കളക്ടര്‍ അറിയിച്ചു.