അട്ടപ്പാടി മധു വധക്കേസില്‍ മൊഴിയില്‍ ഉറച്ച് നാല്പതാം സാക്ഷി. കേസിലെ നാല്പതാം സാക്ഷിയായ ലക്ഷ്മിയാണ് നേരത്തേ പറഞ്ഞ മൊഴിയില്‍ ഉറച്ചുനിന്നത്. പ്രോസിക്യൂഷന് അനുകൂലമായ മൊഴിയാണ് ലക്ഷ്മി കോടതിയില്‍ നല്‍കിയത്.
അതേസമയം, 29-ാം സാക്ഷി സുനില്‍ കുമാറിന്റെ കാഴ്ചശക്തി പരിശോധിച്ച ഡോക്ടറെ മണ്ണാര്‍ക്കാട് എസ്സി-എസ്ടി കോടതി വിസ്തരിച്ചു. സുനില്‍ കുമാറിന്റെ കാഴ്ചശക്തിക്ക് യാതൊരു തകരാറുമില്ലെന്നാണ് ഡോക്ടര്‍ കോടതിയെ അറിയിച്ചത്. കോടതിയെ തെറ്റിദ്ധരിപ്പിച്ച സുനില്‍ കുമാറിനെതിരെ നടപടി വേണമെന്ന പ്രോസിക്യൂഷന് ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ആകെ 122 സാക്ഷികളുളള കേസില്‍ ഇതുവരെ 21 സാക്ഷികള്‍ കൂറുമാറി.
അതിനിടെ, കേസില്‍ കൂറുമാറിയ സാക്ഷികള്‍ കോടതിയില്‍ പറഞ്ഞത് പച്ചക്കള്ളമെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. മധുവിനെ ആക്രമിക്കുന്നത് കണ്ടില്ലെന്നും പ്രതികളെയാരെയും അറിയില്ലെന്നുമാണ് സാക്ഷികളായ സുനില്‍ കുമാര്‍, അബ്ദുള്‍ ലത്തീഫ് മനാഫ് എന്നിവര്‍ മൊഴി നല്‍കിയത്. എന്നാല്‍ ആള്‍ക്കൂട്ട ആക്രമണം നടക്കുമ്പോള്‍ സാക്ഷികളുടെ സാന്നിധ്യമുണ്ടായിരുന്നു എന്നാണ് പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.