തിരുവനന്തപുരം നഗരസഭയില്‍ ഭക്ഷണം മാലിന്യത്തിലെറിഞ്ഞ് പ്രതിഷേധിച്ച തൊഴിലാളികള്‍ക്കെതിരായ നടപടി പിന്‍വലിക്കും. തൊഴിലാളികളെ തിരിച്ചെടുക്കാന്‍ ധാരണയായി. മേയര്‍ ആര്യാ രാജേന്ദ്രനും സിപിഐഎം ജില്ലാ നേതൃത്വവും നടത്തിയ ചര്‍ച്ചയിലാണ് ധാരണ.
കഴിഞ്ഞ ശനിയാഴ്ച നടന്ന സംഭവത്തില്‍ ഏഴ് സ്ഥിരം ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യുകയും നാല് താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. ശനിയാഴ്ച ജോലി ഷിഫ്റ്റ് കഴിഞ്ഞ് ഓണസദ്യകഴിക്കാന്‍ കഴിക്കാന്‍ പോയ ജീവനക്കാരോട് വീണ്ടും ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിനിടയാക്കിയത്. ഓണസദ്യ കഴിക്കാതെ തൊഴിലാളികള്‍ മാലിന്യകൂമ്പാരത്തിലേക്ക് ഭക്ഷണം വലിച്ചെറിഞ്ഞത് ചര്‍ച്ചയയായി. ഇതിന് പിന്നാലെയാണ് തൊഴിലാളികള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
കാരണം കാണിക്കല്‍ പോലും നല്‍കാതെ ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ടത് വ്യാപക വിമര്‍ശനത്തിനും ഇടയാക്കി. മേയറെ പിന്തുണക്കാന്‍ സിപിഐഎം നേതൃത്വം തയാറാകാതിരുന്നതും ഇടതുപക്ഷപ്രവര്‍ത്തകര്‍ തൊഴിലാളികള്‍ക്ക് ഒപ്പം നിന്നതും നടപടി പിന്‍വലിക്കാന്‍ കാരണമായി.