നടന് ഷെയിന്‍ നിഗമിന് സിനിമ സംഘടനകള്‍ വിലക്ക് ഏര്പ്പെടുത്തിയതിനിടയിലും ഷെയിന്‍ നിഗം, ഷൈന്‍ ടോം എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ പ്രിയദര്ശന് ചിത്രം ‘കൊറോണ പേപ്പേഴ്സ്’ ഒ.ടി.ടി റിലീസിന് എത്തുന്നു.
ഷെയ്ന് നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം മെയ് 5ന് ഡിസ്നിപ്ലസ് ഹോട്സ്റ്റാറില് റിലീസ് ചെയ്യും. ഏപ്രില്‍ 7ന് ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്.
തീയറ്ററില്‍ മികച്ച പ്രതികരണം നേടിയ ചിത്രം ഒടിടിയിലും മികച്ച വിജയം നേടും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. യുവതലമുറ താരങ്ങള്‍ക്കൊപ്പം പ്രിയദര്ശന് ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയത്തേ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണിത്.
‘എട്ടു തോട്ടകള്‍’ എന്ന തമിഴ് ചിത്രത്തില്‍ നിന്നും അതിന് പ്രചോദനമായ അകിര കുറോസാവ ചിത്രം സ്ട്രേ ഡോഗില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ചിത്രം വേറിട്ട രീതിയിലാണ് പ്രിയദര്ശന് അവതരിപ്പിച്ചിരിക്കുന്നത്.
ശ്രീഗണേഷിന്റേതാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിന് തിരക്കഥ എഴുതിയതും സംവിധാനം ചെയ്തിരിക്കുന്നതും നിര്‍മ്മിച്ചിരിക്കുന്നതും പ്രിയദര്ശന് തന്നെയാണ്. എന്‍ എം ബാദുഷയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
ഗായത്രി ശങ്കര്‍ ആണ് നായിക. സിദ്ദിഖ്, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്, മണിയന് പിള്ള രാജു, ജീന്‍ പോള്‍ ലാല്‍, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പപ്പന്, ശ്രീകാന്ത് മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.