സോളാര്‍ പീഡനക്കേസിലെ സിബിഐ അന്വേഷണത്തില്‍ അതൃപ്തിയുമായി പരാതിക്കാരി ഹൈക്കോടതിയില്‍. ലൈംഗിക പീഡനം നടത്തിയ ഉന്നതരിലേക്ക് അന്വേഷണം നീളുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ 18 പേരുടെ പേരുകളുണ്ടായിട്ടും 4 പേരെ മാത്രം പ്രതിയാക്കിയാണ് സിബിഐ അന്വേഷണമെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു.
സോളാര്‍ കേസില്‍ തന്നെ സാമ്പത്തികമായും ലൈംഗികമായും ഉന്നത രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും ചൂഷണം ചെയ്തെന്നാണ് പരാതിക്കാരി പറയുന്നത്. സോളാര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് അടൂര്‍ പ്രകാശ് എംപി, മുന്‍ മന്ത്രി എ പി അനില്‍കുമാര്‍ എന്നിവരെ സിബിഐ ചോദ്യം ചെയ്തു. അടൂര്‍ പ്രകാശിനെ ഡല്‍ഹിയിലും, അനില്‍ കുമാറിനെ മലപ്പുറത്തും വച്ചാണ് ചോദ്യം ചെയ്തത്. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി നല്കിയ പരാതിയില്‍ ഇവര്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തിട്ടുണ്ട്.
സോളാര്‍ കേസിലെ പ്രതി നല്കിയ ലൈംഗിക പീഡന പരാതിയില്‍ കഴിഞ്ഞ ദിവസം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തിരുന്നു. 2012-ല്‍ മന്ത്രി എ പി അനില്‍ കുമാറിന്റെ ഔദ്യോഗിക വസതിയില്‍ വച്ച് കെ സി വേണുഗോപാല്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. കേസുമായി ബന്ധപ്പെട്ട് നേരത്തെ സിബിഐ സംഘം ഡല്‍ഹി കേരള ഹൗസ് ജീവനക്കാരുടെ മൊഴിയെടുത്തിരുന്നു.