പത്തനംതിട്ട മൂക്കാട്ടുതറയില്‍ നിന്ന് നാല് വര്‍ഷം മുന്‍പ് കാണാതായ ജസ്ന മരിയ ജെയിംസിനെ കണ്ടെത്താന്‍ യെല്ലോ നോട്ടിസ് പുറപ്പെടുവിച്ച് സിബിഐ. ഇന്റര്‍പോള്‍ വഴി 191 രാജ്യങ്ങളിലാണ് യെല്ലോ നോട്ടിസ് പുറപ്പെടുവിച്ചത്. ജസ്നയുടെ ഫോട്ടോ, കേസിനെ സംബന്ധിച്ച വിവരങ്ങള്‍, തിരിച്ചറിയാനുള്ള അടയാളങ്ങള്‍, തുടങ്ങിയവ വിദേശ രാജ്യങ്ങളിലെ ഇന്റര്‍പോളിന് കൈമാറി.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയായിരുന്ന ജസ്നയെ 2018 മാര്‍ച്ച് 22 മുതലാണ് കാണാതായത്. മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്കെന്നു പറഞ്ഞായിരുന്നു വീട്ടില്‍ നിന്ന് ഇറങ്ങിയത്. കാണാതായ ദിവസം മുണ്ടക്കയത്തേക്ക് പോവുന്ന ശിവഗംഗ എന്ന ബസില്‍ ജസ്ന യാത്ര ചെയ്യുന്നത് കണ്ടവരുണ്ട്. മകളെ കാണാനില്ലെന്ന് കാട്ടി പിതാവ് നല്കിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
ആദ്യം ലോക്കല്‍ പൊലീസും ശേഷം ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി. പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. അന്വേഷണ ഏജന്‍സികള്‍ പലതും മാറി വന്നിട്ടും ഇതുവരെ ജസ്നയെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് 2021 ഫെബ്രുവരിയില്‍ കേസ് അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടത്.