മോഹന്‍ലാല്‍, സിദ്ദീഖ്, ബാബുരാജ്, ഇടവേള ബാബു, ശ്വേതാ മേനോന്, രചന നാരായണന് കുട്ടി, സുധീര്‍ കരമന തുടങ്ങിയവര്‍ പൊട്ടിച്ചിരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.
പലരീതിയില്‍ പൊട്ടിച്ചിരിക്കുന്ന വ്യത്യസ്ത ചിത്രങ്ങള്‍ നടി ശ്വേത മേനോന് തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് ഇവ വൈറലായത്. നിരവധി ആരാധകരായിരുന്നു ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
ചിത്രങ്ങള്‍ വൈറലായതോടെ ചിരിക്കു പിന്നിലെ കാരണമന്വേഷിച്ച് നിരവധി പേരാണ് എത്തുന്നത്. ഇപ്പോഴിത ഈ ചിത്രത്തിന് പിന്നിലെ കാരണം പറഞ്ഞ് എത്തിയിരിക്കുകയാണ് ബാബു രാജ്.
‘അമ്മ’യുടെ എക്സിക്യൂട്ടിവ് കമ്മിറ്റി മീറ്റിങ് കഴിഞ്ഞുള്ള സ്ഥിരം ഗ്രൂപ്പ് ഫോട്ടോയാണ് ഇതെന്ന് ബാബുരാജ് പറയുന്നു.ഇത്തവണത്തെ ഫോട്ടോ ഒരു ചിരിമത്സരം പോലെ ആയിക്കോട്ടെ,
എല്ലാവരും മനസ്സ് തുറന്നു ചിരിച്ചോളൂ എന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചത് മോഹന്‍ലാല്‍ ആയിരുന്നെന്നും ചിരിച്ചു തുടങ്ങിയപ്പോള്‍ അത് പൊട്ടിച്ചിരിയായി മാറിയെന്നും ബാബുരാജ് മനോരമ ഓണ്‍ലൈനിനോടു പറഞ്ഞു.
”അമ്മയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി മീറ്റിങ്ങിന് ഒത്തുകൂടിയതാണ് ഞങ്ങള്‍. മീറ്റിങ് കഴിയുമ്പോള്‍ ഞങ്ങള്‍ ഗ്രൂപ്പ് ഫോട്ടോ എടുക്കും. ഇത്തവണയും ഞങ്ങള്‍ ഫോട്ടോ എടുക്കാനിരുന്നു.
ഇത്തവണ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ ലാലേട്ടന് പറഞ്ഞു, ‘നമുക്ക് വളരെ വ്യത്യസ്തമായ രീതിയില്‍ ഫോട്ടോ എടുക്കാം, എല്ലാവരും മനസ്സ് തുറന്നു ചിരിക്കൂ, ഒരു ചിരി മത്സരം തന്നെ ആയിക്കോട്ടെ’ എന്ന്.
അങ്ങനെ ഞങ്ങള്‍ വെറുതെ ചിരിച്ചു തുടങ്ങി, പിന്നെ അത് ശരിക്കും ആസ്വദിച്ച് നിര്‍ത്താന്‍ കഴിയാത്ത പൊട്ടിച്ചിരിയായി മാറുകയായിരുന്നു. അത് വളരെ മനോഹരവും രസകരവുമായ ഗ്രൂപ്പ് ഫോട്ടോ നിമിഷങ്ങളായി മാറി.” ബാബുരാജ് പറയുന്നു.
അതേസമയം മീറ്റിങ്ങിന് പിന്നാലെ നടി രചന നാരായണന്‍കുട്ടിയുടെ പിറന്നാള്‍ ആഘോഷവും നടന്നു. എല്ലാവരും കൂടി പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.