സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിന് നേരെ ആക്രമണം. ഇന്നലെ രാത്രിയാാണ് സംഭവം നടന്നത്. ആനാവൂര്‍ നാഗപ്പന്റെ വീടിന് നേരെ കല്ലെറിയുകയായിരുന്നു, കല്ലേറില്‍ ജനല്‍ചില്ലുകള്‍ പൊട്ടി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിന് നേരെയുണ്ടായ ആക്രമണത്തിന് തുടര്‍ച്ചയായാണ് കല്ലേറെന്നാണ് പൊലീസ് സംശയിക്കുന്നത്.
തന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ ആര്‍എസ്എസാണെന്ന് ആനാവൂര്‍ നാഗപ്പന് പ്രതികരിച്ചു. മുകളില്‍ നിന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ആക്രമണമാണിത്. ജില്ലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്. എല്ലാം ബിജെപിയുടെ മുതിര്‍ന്ന നേതാക്കളുടെ അറിവോടെയാണെന്നും ആനാവൂര്‍ നാഗപ്പന് പറഞ്ഞു.
സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസ് ആക്രമിച്ച സംഭവത്തില്‍ മൂന്ന് എബിവിപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സ്വകാര്യ ആശുപത്രിയില്‍ നിന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ലാല്‍, സതീര്ത്ഥ്യന്, ഹരിശങ്കര്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളെ തിരിച്ചറിയാന്‍ സഹായിച്ചത്. ഇനിയും മൂന്ന് പേര് കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.