ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ നിന്ന് മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും അഭിനേത്രി നര്‍ഗീസ് ദത്തിന്റെയും പേരുകള്‍ ഒഴിവാക്കി കേന്ദ്രം.
മികച്ച നവാഗത ചിത്രങ്ങള്‍ക്ക് നല്കുന്ന ഇന്ദിരാഗാന്ധി പുരസ്കാരത്തിന്റെയും ദേശീയ ഉദ്ഗ്രഥനത്തെക്കുറിച്ചുള്ള മികച്ച ഫീച്ചര്‍ ഫിലിമിനുള്ള നര്‍ഗീസ് ദത്ത് പുരസ്കാരത്തിന്റെയുമാണ് പേരുകള്‍ മാറ്റിയത്.
‘മികച്ച നവാഗത ചിത്രത്തിന് സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം’ ഇനിമുതല്‍ ‘മികച്ച നവാഗത ചിത്രത്തിനുള്ള പുരസ്കാരം’ എന്ന് മാത്രമായിരിക്കും അറിയപ്പെടുക.
ദേശീയോദ്ഗ്രഥനത്തിനായുള്ള മികച്ച ഫീച്ചര്‍ ഫിലിമിനുള്ള നര്‍ഗീസ് ദത്ത് പുരസ്കാരം ഇനി മുതല്‍ ദേശീയവും സാമൂഹികവും പാരിസ്ഥിതികവുമായ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന മികച്ച ഫീച്ചര്‍ ഫിലിം പുരസ്ക്കാരം എന്നായിരിക്കും അറിയപ്പെടുക.
ഈ വിഭാഗത്തിലേക്ക് സാമൂഹിക പ്രശ്നങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള വിഭാഗങ്ങളെ കൂടി യോജിപ്പിച്ച് ഒറ്റ പുരസ്കാരമാക്കി മാറ്റും.
കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം വിവിധ വിഭാഗങ്ങളില്‍ നല്കുന്ന പുരസ്കാരങ്ങള്‍ ഏകീകരിക്കുന്നതിനും മാറ്റം വരുത്തുന്നതുമായി രൂപീകരിച്ച കമ്മറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പേരുമാറ്റം. സംവിധായകന് പ്രിയദര്ശന് അടങ്ങുന്ന കമ്മറ്റിയുടെതാണ് തീരുമാനം.
വാര്‍ത്താവിനിമയ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി നീര്‍ജ ശേഖറാണ് സമിതിയുടെ അധ്യക്ഷന്‍. സംവിധായകന് പ്രിയദര്ശന്, വിപുല്‍ ഷാ, ഹവോബാം പബന്‍ കുമാര്‍, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് (സിബിഎഫ്സി) മേധാവി പ്രസൂണ്‍ ജോഷി, ഛായാഗ്രാഹകന്‍ എസ് നല്ലമുത്തു, വാര്‍ത്താവിനിമയ മന്ത്രാലയം ജോയിന്റ് സെക്രട്ടറി പൃഥുല്‍ കുമാര്‍, മന്ത്രാലയത്തിന്റെ ഡയറക്ടര്‍ (ധനകാര്യം) കമലേഷ് കുമാര്‍ സിന്‍ഹ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.