മലയാളികൾക്ക് എന്നും പുത്തൻ ഉണർവ്വ് നൽകിയ സംവിധായനാണ് വിനീത് ശ്രീനിവാസൻ. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ‘ഹൃദയം’ ഷൂട്ടിംഗ് പകുതിയോളം പൂര്‍ത്തിയായ നിലയിലാണ്. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന വിവര പ്രകാരം ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം കൈമാറിക്കഴിഞ്ഞു. ഏഷ്യാനെറ്റാണ് മികച്ച തുകയ്ക്ക് ചിത്രം കരസ്ഥമാക്കിയിട്ടുള്ളത്. എത്രയാണ് കരാര്‍ തുക എന്നത് വ്യക്തമല്ല. വിനീത് ശ്രീനിവാസന് തന്റെ ജീവിതാനുഭവങ്ങള്‍ കൂടി കൂട്ടിയിണക്കി ഒരുക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന് വിനീത് പഠിച്ച കോളേജാണ്.
ചിത്രത്തിന്റെ ഇനി ചിത്രീകരിക്കാനുള്ള ഔട്ട്ഡോര്‍ രംഗങ്ങളില്‍ ഏറെയും ചെന്നൈയിലാണ്. കേരളത്തില്‍ വലിയ ആള്‍ക്കൂട്ടം ഉള്‍പ്പെടുന്ന രംഗങ്ങളുമുണ്ട്.കോവിഡ് 19 മൂലം ഇതെല്ലാം അസാധ്യമായിരിക്കുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ ശരിയാകാന്‍ കാത്തിരിക്കാമെന്ന തീരുമാനമാണ് അണിയറ പ്രവര്‍ത്തകര്‍ എടുത്തിട്ടുള്ളത്. മെരിലാന്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം സ്വതന്ത്രമായി നിര്‍മിക്കപ്പെടുന്ന ചിത്രമാണിത്.
കല്യാണി പ്രിയദര്ശന് നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ ദര്‍ശന രാജേന്ദ്രന് എത്തുന്നു. നായകനായുള്ള തന്റെ രണ്ടാംചിത്രത്തിന്റെ പരാജയത്തിന് ശേഷം ഏറെ സമയമെടുത്ത് പ്രണവ് തെരഞ്ഞെടുത്ത ചിത്രത്തില്‍ വ്യത്യസ്തമായൊരു കഥാപാത്രമാണ് താരത്തിന്. 17 വയസു മുതലുള്ള ഒരു യുവാവിന്റെ ജീവിതം ചിത്രത്തിലുണ്ടെന്ന് വിനീത് ശ്രീനിവാസന് പറയുന്നു. ഇതിനനുസരിച്ച് വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രണവ് എത്തും. ഹിഷാം അബ്ദുള്‍ വഹാബാണ് ഹൃദയത്തിന് സംഗീതം നല്‍കുന്നത്. പൃഥ്വിരാജ് ചിത്രത്തിനായി ഒരു പാട്ട് പാടിയിട്ടുണ്ട്.