ചെയ്തുതീര്ക്കാന് ഒരുപാട് കഥാപാത്രങ്ങള്‍ ബാക്കിവെച്ചുകൊണ്ടാണ് നടി മോനിഷ നമ്മളെ വിട്ടു പോയത്. നടി വിടവാങ്ങിയിട്ട് ഇന്നേക്ക് 30 വര്‍ഷം തികയുന്നു. സിനിമയില്‍ എത്തി ചെറിയ സമയം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെടുന്ന നിരവധി കഥാപാത്രം മോനിഷ അവതരിപ്പിച്ചു . മോനിഷയുടെ ജീവിതത്തിന് അമ്മ ശ്രീദേവി ഉണ്ണിയും മികച്ച പിന്തുണ നല്കി ഒപ്പം തന്നെ ഉണ്ടായിരുന്നു. മകളുടെ വേര്‍പാട് ശ്രീദേവിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഇടയ്ക്ക് അഭിമുഖങ്ങളിലും മോനിഷയെക്കുറിച്ച് ശ്രീദേവി പറയാറുണ്ട്.
മോനിഷ ജനിച്ച സമയത്ത് തന്നെ തന്റെ മൂത്ത ജേഷ്ഠന് രാശി വെച്ചിരുന്നു എന്ന് ശ്രീദേവി പറയുന്നു. അപ്പോള്‍ തന്നെ ഇതൊരു കലാകാരി ആണല്ലോ എന്ന് അദ്ദേഹം പറഞ്ഞിരുന്നു. അത് തനിക്കും തോന്നിയതാണ് . എല്ലാവരും അംഗീകരിച്ചതാണ് അവളെ. സിനിമയിലേക്ക് ഒക്കെ പോണോ എന്നായിരുന്നു അപ്പോള്‍ എന്റെ അമ്മ ചോദിച്ചത്, എന്നാല്‍ മികച്ച നടിക്കുള്ള അവാര്‍ഡ് കിട്ടിയതോടെ അമ്മയൊക്കെ ഫ്ലാറ്റായി. ദൂരദര്‍ശനിലൂടെയാണ് അവള്‍ക്ക് അവാര്‍ഡ് കിട്ടിയത് ഞങ്ങള്‍ അറിഞ്ഞത്.
ഭയങ്കര സ്പീഡില്‍ ഡ്രൈവ് ചെയ്യും. അന്ന് മാരുതി 800 ഇറങ്ങിയ സമയമായിരുന്നു. അച്ഛനോട് പറഞ്ഞ് അത് മേടിച്ചിരുന്നു. നല്ല സ്പീഡില്‍ പോവുമ്പോള്‍ അമ്മയ്ക്ക് പേടിയില്ലേയെന്ന് ചോദിക്കും. ഞാന്‍ ഇല്ലെന്ന് പറയും. ഇങ്ങനെയുള്ള കാര്യങ്ങളില്‍ കുറച്ച് സാഹസികതയൊക്കെയായിരുന്നു. പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള കുട്ടിയായിരുന്നു. ഞാന്‍ അഭിനയം നിര്‍ത്തുമ്പോള്‍ അമ്മ തുടങ്ങണം, അമ്മയ്ക്കാണ് കറക്റ്റ് ആറ്റിറ്റിയൂഡും ക്ഷമയുമൊക്കെയുള്ളത്. എനിക്കിതൊന്നും ശരിയാവില്ല, ഞാന്‍ തമാശയ്ക്ക് ചെയ്യുന്നു എന്നേയുള്ളൂ.
ഒരു ഡാന്‍സ് സ്കൂള്‍ തുടങ്ങണം, കുറേ പട്ടികളേയും വളര്‍ത്തണമെന്നായിരുന്നു അവളുടെ മോഹമെന്നുമായിരുന്നു ശ്രീദേവി ഉണ്ണി പറഞ്ഞത്.