ബോളിവുഡിലെ പ്രശസ്ത താര ദമ്പതികൾ ആണ് രൺബീർ കപൂറും ആലിയ ഭട്ടും. താര ദമ്പതികൾക്ക് നിരവധി ആരാധകർ ആണ് ഉള്ളത്. മാസങ്ങൾക്ക് മുൻപാണ് ഇരുവരും വിവാഹിതരായത്. ഏറെ മാധ്യമശ്രദ്ധ നേടിയ വിവാഹമായിരുന്നു ഇവരുടേത്.
വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഇതിൽ പങ്കെടുത്തത്. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം തങ്ങൾ ഒരു കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുകയാണ് എന്ന് ദമ്പതികൾ വിശേഷം പങ്കുവെച്ചു. ഇതോടെ ആരാധകർ ഇരട്ടി ആവേശത്തിലായി. ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിലാണ് ഇരുവരും ഏറ്റവും ഒടുവിൽ ഒരുമിച്ച് എത്തിയത്. ചിത്രമാകട്ടെ ഒരു നീണ്ട ഇടവേളക്കുശേഷം ബോളിവുഡിൽ നിന്നുള്ള ബ്ലോക്ക്ബസ്റ്റർ ആയി മാറുകയും ചെയ്തു.
ഏതാണ്ട് 300 കോടിയിലധികം രൂപ ചിത്രം കളക്ട് ചെയ്തു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി ആലിയ എത്തിയപ്പോൾ ധരിച്ച വസ്ത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മറ്റേണിറ്റി വസ്ത്രങ്ങൾക്ക് വേണ്ടി ഒരു പുതിയ ബ്രാൻഡ് താരം ആരംഭിക്കാൻ പോകുന്നു എന്ന വാർത്ത പുറത്തുവരികയാണ്. ഇപ്പോൾതന്നെ കുട്ടികളുടെ വസ്ത്രങ്ങൾ വിൽക്കുന്ന ബ്രാൻഡ് താരത്തിന് സ്വന്തമായിട്ടുണ്ട്.
സാമൂഹ്യ മാധ്യമത്തിലൂടെ ഈ വിവരം താരം ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്. വർഷങ്ങൾക്കു മുൻപ് കുട്ടികളുടെ വസ്ത്രങ്ങൾക്കായി താൻ ഒരു ബ്രാൻഡ് തുടങ്ങിയിരുന്നു. ഇപ്പോൾ ഇങ്ങനെയൊരു സംരംഭം ആരംഭിക്കാൻ പോവുകയാണ്. ഇതെന്തുകൊണ്ടാണ് എന്ന് ചോദിക്കുകയില്ല എന്ന് വിശ്വസിക്കുന്നു എന്ന് താരം കുറിച്ചു.