അമ്മയും അച്ഛനുമാകാന്‍ പോകുന്നുവെന്ന കാര്യം കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും ആരാധകരുമായി പങ്കുവച്ചത്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയോട് രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് ആലിയ ഭട്ട്. ഗര്‍ഭിണിയായ ഭാര്യയെ ലണ്ടനില്‍ നിന്ന് കൂട്ടിക്കൊണ്ടുവരാന്‍ രണ്‍ബീര്‍ പുറപ്പെട്ടുവെന്ന വാര്‍ത്തയോടാണ് ആലിയ പ്രതികരിച്ചത്. വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് സഹിതം താരം പങ്കുവച്ചു.
ഹോളിവുഡ് അരങ്ങേറ്റ ചിത്രമായ ‘ഹാര്‍ട്ട് ഓഫ് സ്റ്റോണിന്റെ ചിത്രീകരണത്തിന്റെ ഭാഗമായി ലണ്ടനിലാണ് ആലിയ നിലവിലുള്ളത്. ഇതുമായി ബന്ധപ്പെട്ടാണ് വാര്‍ത്ത പ്രചരിച്ചത്. ലണ്ടനിലുള്ള ആലിയയെ പിക് ചെയ്യാന്‍ രണ്‍ബീര്‍ പുറപ്പെട്ടുവെന്നാണ് പ്രചരിച്ച വാര്‍ത്ത. തന്നെ ‘പിക്ക് അപ്പ്’ ചെയ്യാന്‍ വേറെ ആരുടെയും ആവശ്യമില്ലെന്നും താന്‍ ഒരു പാഴ്സല്‍ അല്ലെന്നുമാണ് ആലിയ പ്രതികരിച്ചത്.
‘ഇപ്പോഴും ചിലരുടെ തലയില്‍ നമ്മള് ജീവിക്കുന്നത് പുരുഷാധിപത്യത്തിന്റെ ലോകത്താണ്. ഒട്ടും വൈകിയിട്ടില്ല. ആരും ആരെയും ചുമക്കേണ്ട ആവശ്യമില്ല, ഞാന്‍ സ്ത്രീയാണ്, പാഴ്സലല്ല. എനിക്ക് വിശ്രമിക്കേണ്ട ആവശ്യമില്ല. അതിന് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റുമുണ്ടെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കുക. ഇത് 2022 ആണ്. ഈ പുരാതന ചിന്താഗതിയില്‍ നിന്ന് ഇനിയെങ്കിലും പുറത്തുകടക്കാമോ. എങ്കില്‍ ഞാന്‍ പോകട്ടെ. എന്റെ ഷോട്ട് തയ്യാറാണ്’, എന്നാണ് ആലിയ കുറിച്ചത്.
ആലിയ നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍, റോക്കി ഔര്‍ റാണി കി പ്രേം കഹാനി എന്നിവയുടെ ജോലികള്‍ ജൂലൈ പകുതിയോടെ പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്‍ബീറും ആലിയ ഭട്ടും ആദ്യമായി ഒന്നിച്ചഭിനയിച്ച ബ്രഹ്മാസ്ത്രയുടെ റിലീസ് വരുന്ന സെപ്റ്റംബര്‍ 9നാണ്.