സെലിബ്രിറ്റികളുടെ പ്രതിഫലത്തെ കുറിച്ചുള്ള ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ നടക്കാറുണ്ട്. ഓരോ താരങ്ങളും ഓരോ പ്രതിഫലമാണ് കൈപ്പറ്റുന്നത്. ഇതിനിടെ കീര്‍ത്തി സുരേഷും , സാമന്തയും ഒറ്റയടിക്ക് തങ്ങളുടെ പ്രതിഫലം ഉയര്‍ത്തിയത് വാര്‍ത്തയായിരുന്നു. തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാണ് നയന്‍താര. അഞ്ചു കോടി മുതല്‍ 7 കോടി വരെയാണ് നയന്‍താര വാങ്ങുന്നത്. നടി സാമന്തയും നയന്താരയ്ക്കൊപ്പം തന്നെ ഉണ്ട്. ഇപ്പോഴിതാ ഇരുവര്‍ക്കും ഇടയിലേക്ക് മൂന്നാമതൊരാള്‍ കൂടി എത്തിയിരിക്കുകയാണ് പ്രതിഫലത്തിന്റെ കാര്യത്തില്‍.
നടി പൂജ ഹെഗ്ഡേ ഒറ്റയടിക്ക് തന്റെ പ്രതിഫലം ഉയര്‍ത്തിയിരിക്കുകയാണ്. നടിയുടെ പുതിയ ചിത്രമായ ജന ഗണ മന യില്‍ 5 കോടിയാണ് പൂജ വാങ്ങുന്നത് എന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
വിജയ് ദേവരകൊണ്ട നായകനാവുന്ന ജന ഗണ മനയില്‍ നിരവധി ആക്ഷന്‍ സീക്വന്‍സുകള്‍ പൂജ ചെയ്യുന്നുണ്ട്. സൈനിക പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിനായി തായ്ലന്റില് പോയി താരം പരിശീലനം നേടിയിരുന്നു. ഇന്ത്യയിലും പുറത്തുമായി നിരവധി ലൊക്കേഷനുകളിലാണ് ജന ഗണ മനയുടെ ഷൂട്ടിങ്ങ്.
പ്രഭാസ്, അല്ലു അര്ജുന്, ഹൃത്വിക് റോഷന്, സല്മാന് ഖാന്, രണ്‍വീര്‍ സിംഗ്, രാം ചരണ്‍, വിജയ് എന്നിവരുള്‍പ്പെടെയുള്ള താരങ്ങളുടെ നായികയായിട്ടുണ്ട് പൂജ. വിജയ് നായകനായ ബീസ്റ്റ്, രാം ചരണ്‍ ചിരഞ്ജീവി എന്നിവര്‍ നായകന്മാരായെത്തിയ ആചാര്യ എന്നിവയാണ് ഒടുവില്‍ റിലീസ് ചെയ്ത പൂജയുടെ ചിത്രങ്ങള്‍.