ഈ അടുത്തായിരുന്നു നടി നിക്കി ഗല്‍റാണിയുടെ വീട്ടില്‍ മോഷണം നടന്നു എന്ന വാര്‍ത്ത പുറത്തുവന്നത്. വീട്ടില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന സാധനങ്ങള്‍ നഷ്ടപ്പെട്ടുവെന്നും നടി പറഞ്ഞിരുന്നു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. തന്റെ വീട്ടിലെ ജോലിക്കാരനായ ധനുഷ് എന്ന് പേരുള്ള ആള്‍ക്ക് എതിരെയാണ് നിക്കി ഗല്‍റാണി പരാതി നല്‍കിയത്.
നിക്കിയുടെ റായിപേട്ടിലുള്ള വീട്ടില്‍ ജോലി ചെയ്യുന്ന 19 കാരനാണ് ധനുഷ്. വീട്ടില്‍ നിന്നും മോഷണം പോയതറിഞ്ഞ ഇവര്‍ സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് , തുണിയില്‍ കെട്ടിപ്പൊതിഞ്ഞ് സാധനങ്ങളുമായി ധനുഷ് വീട്ടില്‍ നിന്ന് പോകുന്നത് ക്യാമറയില്‍ കണ്ടത്, അതിനു ശേഷം ഇയാളെ കണ്ടതുമില്ല. പിന്നാലെയാണ് നടി പോലീസില്‍ പരാതി നല്‍കിയത്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ മോഷണം നടന്നതായി മനസ്സിലായി, പിന്നാലെ ധനുഷിനെ പിടികൂടുകയും ചെയ്തു . തിരൂപ്പൂരുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ധനുഷിനെ പിടിച്ചത്, തൊണ്ടിമുതലും പിടിച്ചെടുത്തു.
വീട്ടില്‍നിന്ന് കളവു പോയ സാധനങ്ങള്‍ തിരികെ കിട്ടിയതോടെ നടി കേസ് പിന്‍വലിക്കുകയും ചെയ്തു. മാത്രമല്ല ധനുഷിനെതിരെ നിയമനടപടികള്‍ ഒന്നും എടുക്കരുതെന്നും നിക്കി ഗല്‍റാണി പോലീസിനോട് പറഞ്ഞു.