തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ജന്മദിനാശംസകളുമായി എത്തിയിരിക്കുകയാണ് നടൻ ഫഹദ് ഫാസിൽ. പ്രശസ്ത തമിഴ് സംവിധായകൻ മാരി സെൽവരാജിനൊപ്പം സ്റ്റാലിനെ നേരിട്ട് സന്ദർശിച്ച് ഇരിക്കുകയാണ് താരം. ശേഷം മുഖ്യമന്ത്രിക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു ഫഹദ്.
മാരി സെൽവരാജ് ആണ് സ്റ്റാലിനെ കണ്ട സന്തോഷം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. സാമൂഹിക നീതിയുടെ ഉന്നതി താങ്കളുടെ ഭരണകാലത്ത് ആയിരിക്കട്ടെ എന്ന തലക്കെട്ടും മാരി ചിത്രത്തിന് കൊടുത്തു. മാരി സെൽവരാജ് ചിത്രത്തിൽ ഫഹദ് ഫാസിൽ അഭിനയിക്കുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ചിത്രത്തിന് പേരിട്ടിട്ടില്ല എന്നാണ് സൂചന. പരിയേറും പെരുമാൾ, കർണ്ണൻ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് മാരി സെൽവരാജ്.
പുതിയ ചിത്രത്തിൽ ഫഹദ് ഫാസിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ. ഉദയനിധി സ്റ്റാലിൻ ആണ് ചിത്രത്തിൽ നായകൻ. സ്റ്റാലിൻ്റെ മകനാണ് ഉദയനിധി സ്റ്റാലിൻ. കീർത്തി സുരേഷ് ചിത്രത്തിൽ നായികയാകുമെന്നാണ് സൂചന.
പുഷ്പ രണ്ട് എന്ന ചിത്രത്തിലും ഫഹദ് ഇപ്പോൾ അഭിനയിക്കാൻ ഒരുങ്ങുന്നുണ്ട്. കൻവർ സിംഗ് സഖാവ് എന്ന കഥാപാത്രമാണ് താരം ഇതിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൻറെ ആദ്യഭാഗം വൻ വിജയം നേടിയിരുന്നു.