കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. നീര്‍പ്പാറ – ബ്രഹ്മമംഗലം റോഡിലാണ് സംഭവം. ബ്രഹ്മമംഗലം സ്വദേശിയായ റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന് ചാക്കോയുടെ കാറാണ് കത്തിയത്.
ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം. വാഹനത്തിലുണ്ടായിരുന്ന ചാക്കോ പുക ഉയരുന്നതു കണ്ട് വാഹനം നിര്‍ത്തി പുറത്തിറങ്ങി. പിന്നാലെ തീ ആളി പടരുകയായിരുന്നു.
തീ ഉയരുന്നത് കണ്ട് സ്ഥലത്തെത്തിയ ഡിവൈഎഫ്ഐ തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ജിതിന് ബോസ്, മേഖലാ സെക്രട്ടറി ശരണ്‍ ദാസ് എന്നിവര്‍ ചേര്‍ന്ന് സമീപത്തുള്ള വീട്ടിലെ കൃഷിക്ക് നനയ്ക്കുന്ന ഓസ് ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.