തൃശൂര്‍ ഇഞ്ചക്കുണ്ടില്‍ അരുംകൊലയുടെ നടുക്കത്തിലാണ് നാട്ടുകാര്‍. നടു റോഡില്‍ അച്ഛനേയും അമ്മയേയും വെട്ടിക്കൊന്നത് മകനാണ്. ഇഞ്ചക്കുണ്ട് സ്വദേശി കുട്ടന്, ഭാര്യ ചന്ദ്രിക എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കൊലയ്ക്ക് ശേഷം പൊലീസില്‍ വിളിച്ചറിയിച്ച ശേഷം മകന് അനീഷ് രക്ഷപ്പെട്ടു.
വീടിന് പുറത്തുള്ള റോഡില്‍ പുല്ല് ചെത്തുകയായിരുന്നു കുട്ടനും ചന്ദ്രികയും. ഇതിനിടെയാണ് വെട്ടുകത്തിയുമായി എത്തി മകന് ആക്രമിച്ചത്. ആദ്യം അച്ഛനെയാണ് വെട്ടിയത്. ആക്രമണം ഭയന്ന് ഓടിയ ചന്ദ്രികയേയും അനീഷ് പിന്തുടര്ന്നെത്തി വെട്ടി. ചന്ദ്രികയുടെ മുഖം തുടരെ വെട്ടി വികൃതമാക്കി. കുട്ടന് കഴുത്തിലും നെഞ്ചിലുമാണ് വെട്ടേറ്റത്. പള്ളിയില്‍ പോയി വന്നവരാണ് റോഡില്‍ മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. എന്നാല്‍ അതിന് മുന്‍പ് തന്നെ അനീഷ് കൊലപാതക വിവരം പൊലീസില്‍ അറിയിച്ചിരുന്നു.
അച്ഛനും അമ്മയ്ക്കുമൊപ്പമായിരുന്നു അനീഷ് താമസിച്ചിരുന്നത്. വീട്ടില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. അഭിഭാഷകയായ സഹോദരി കൂടിയുണ്ട് അനീഷിന്. ഇവര്‍ വിവാഹിതയായി മറ്റൊരു വീട്ടിലായിരുന്നു താമസം. അനീഷിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.