ഫേക്ക് റിവ്യൂവേഴ്സിനെ വിമര്‍ശിച്ച് നടന് ഷെയ്ന് നിഗം വീണ്ടും രംഗത്ത്. തന്റെ പുതിയ ചിത്രം ബര്‍മുഡയുടെ പ്രമോഷന്റെ ഭാഗമായി ഫേക്് റിവ്യൂവേഴ്സിനെതിരെ ഷെയ്ന് പറഞ്ഞ കാര്യങ്ങള്‍ വൈറലായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഷെയ്ന് ഫേക്ക് റിവ്യൂവേഴ്സിനെതിരെ രംഗത്തെത്തതിയത്.
താന്‍ പറഞ്ഞ റിവ്യൂവേഴ്സിന്റെ സംഘടന പ്രതികരിച്ചു തുടങ്ങിയെന്നും താന്‍ പറഞ്ഞത് സത്യമാണെന്ന് എല്ലാവര്ക്കും മനസിലായി കാണുമെന്നും ഷെയ്ന് ഫേസ്ബുക്കില്‍ കുറിച്ചു. പൈസ ഉണ്ടാക്കാന്‍ വേറെ വഴിനോക്കണമെന്നും നല്ല സിനിമകളെ കൊല്ലരുതെന്നും ഷെയ്ന് പറഞ്ഞു. ഫേക്ക് റിവ്യൂവേഴ്സിനെ ബഹിഷ്കരിക്കണമെന്നും ഷെയ്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
സിനിമ ഡിഗ്രേഡ് ചെയ്യാന്‍ മാത്രം പൈസ വാങ്ങി റിവ്യൂ ചെയ്യുന്നവര്‍ ഉണ്ട് എന്നായിരുന്നു ഇന്റര്‍വ്യൂവില്‍ ഷെയ്നിന്റെ ആരോപണം. കഷ്ടപ്പെട്ട് മാക്സിമം എഫര്‍ട്ട് ഇട്ട് ഒരുക്കുന്ന സിനിമ ഫണ്ട് വാങ്ങി വേണ്ടുന്ന രീതിയില്‍ റിവ്യൂ ഇട്ട് ഡീഗ്രേഡ് ചെയ്യുന്നവരുണ്ടെന്നും നല്ല റിവ്യൂ ലഭിച്ച ഭൂതകാലത്തെ വരെ ഇത്തരത്തിലൊരാള്‍ വലിച്ചുകീറിയെന്നും ഉല്ലാസത്തിനും സമാന അനുഭവമുണ്ടായപ്പോള്‍ പ്രതികരിക്കണമെന്ന് തോന്നിയത് കൊണ്ടാണ് പോസ്റ്റിട്ടതെന്നും ഷെയ്ന് കൂട്ടിച്ചേര്‍ത്തിരുന്നു.
ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ബര്‍മുഡ ഈ മാസം 19നാണ് തീയറ്ററുകളിലെത്തുന്നത്. ഹരീഷ് കണാരന്, സൈജു കുറുപ്പ്, ദിനേശ് പണിക്കര്‍, കോട്ടയം നസീര്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.