പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ട് 28 പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മലപ്പുറത്ത് ഒന്‍പത് പേരാണ് അറസ്റ്റിലായത്. ഇടവഴിയില്‍ നിന്ന കല്ലെറിഞ്ഞ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരിയില്‍ പെട്രോള്‍ പമ്പടപ്പിക്കാന്‍ ശ്രമിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തു. തേഞ്ഞിപ്പലം ദേശീയ പാതയില്‍ ലോറിക്ക് നേരെ കല്ലെറിഞ്ഞ മൂന്നു പേര് അറസ്റ്റിലായി. മലപ്പുറത്ത് നൂറ് പേര് കരുതല്‍ തടങ്കലിലാക്കി.
കൊല്ലത്ത് 11 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അമ്പലപ്പുഴയില്‍ 3 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിഎഫ്ഐ സമരത്തിനിടെ കണ്ണൂര്‍ കല്ല്യാശേരിയില്‍ പെട്രോള്‍ ബോബുമായി ഒരാള്‍ പിടിയിലായി. ഇയാളുടെ കയ്യില്‍ നിന്ന് രണ്ട് പെട്രോള്‍ ബോബുകള്‍ കണ്ടെടുത്തു.
രാജ്യവ്യാപകമായി എന്‍.ഐ.എ നടത്തിയ റെയ്ഡിലും അറസ്റ്റിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് ഹര്‍ത്താല്‍. അതേസമയം, ഹര്‍ത്താലിനോടനുബന്ധിച്ച് നടക്കുന്ന അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നടപടിയുമായി പൊലീസ് രംഗത്തുണ്ട്. കേരളം ഉള്‍പ്പെടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലുമാണ് എന്‍.ഐ.എ, ഇ.ഡി റെയ്ഡ് നടത്തിയത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ സംസ്ഥാന നേതാക്കളടക്കം 106 പേര് അറസ്റ്റിലായിരുന്നു.