പോപ്പുലര്‍ ഫ്രണ്ട് ദേശീയ സംസ്ഥാന നേതാക്കളായ പതിനെട്ട് പേര് കൊച്ചിയില്‍ അറസ്റ്റില്‍. ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം അടക്കം മുതിര്‍ന്ന നേതാക്കളാണ് അറസ്റ്റിലായത്. ഇവരില്‍ എട്ട് പേരെ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. പത്ത് പേരുടെ അറസ്റ്റ് കൊച്ചി എന്‍ഐഎ യൂണിറ്റ് രേഖപ്പെടുത്തി.
പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്മാന് ഒഎംഎ സലാം, സൈനുദ്ദീന്‍, നസറുദ്ദീന്‍ എളമരം, മുഹമ്മദ് ബഷീര്‍, സാദിഖ് മുഹമ്മദ്, നജിമുദ്ദീന്‍ മുണ്ടക്കയം, പി കോയ കോഴിക്കോട്, അബ്ദുല്‍ റഹ്മാന് കളമശ്ശേരി, മുഹമ്മദലി ജിന്ന, മുഹമ്മദ് ഷാഹിദ് എന്നിവരാണ് അറസ്റ്റിലായ നേതാക്കളില്‍ പ്രമുഖര്‍. ഒഎംഎ സലാമിനെ മഞ്ചേരിയിലെ വീട്ടില്‍ നിന്നും സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീറിനെ തിരുനാവായില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളും നേതാക്കളുടെ വീടുകളുമടക്കം 70 ഓളം കേന്ദ്രങ്ങളിലാണ് ഇന്ന് പുലര്‍ച്ചെ റെയ്ഡ് നടന്നത്. സംസ്ഥാനത്ത് ആദ്യമായാണ് എന്‍ഐഎ ഒരേ സമയം ഇത്രയേറെ വ്യാപകമായ തെരച്ചില്‍ നടത്തുന്നത്. പുലര്‍ച്ചെ 3.30 ഓടെ കേന്ദ്രസേനയെ വിന്യസിച്ചാണ് റെയ്ഡ് തുടങ്ങിയത്. അടൂര്‍, ഈരാറ്റുപേട്ട വയനാട്, കാസര്‍ഗോഡ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ദ്രുതകര്‍മ്മസേനയെ വിന്യസിച്ചായിരുന്നു പരിശോധന. കോഴിക്കോട്ടെ ആസ്ഥാന മന്ദിരമടക്കം റെയ്ഡ് ചെയ്തു. രേഖകളും നോട്ടിസുകളും ലാപ് ടോപ്പുകളും കംപ്യൂട്ടറുകളടക്കം പിടിച്ചെടുത്തു.