തീയറ്ററില്‍ മികച്ച വിജയം നേടി പ്രദര്‍ശനം തുടരുന്ന പുതിയ ചിത്രം 2018 സിനിമയെ പ്രശംസിച്ച് നടന് വിനീത് ശ്രീനിവാസന്.2018′ എന്ന മഹത്തായ സിനിമയുടെ ഭാഗമായതില്‍ അഭിമാനിക്കുന്നുവെന്ന് ആണ് നടന് വിനീത് ശ്രീനിവാസന് പറഞ്ഞത്.
സിനിമയുടെ ഷൂട്ടിങ്ങിനിടെ ചില ദൃശ്യങ്ങള്‍ കണ്ടിരുന്നെങ്കിലും തിയറ്ററില്‍ ‘2018’ എന്ന സിനിമ കണ്ടത് വലിയൊരു അനുഭവമായിരുന്നു. ജൂഡ് ഉള്‍പ്പെടുന്ന സുഹൃത്തുക്കള്‍ എല്ലാവരും തന്നെ വലിയ പ്രതിഭകളാണ് എന്നും സിനിമയെ പ്രശംസിച്ച് വിനീത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
മലയാള സിനിമാ മേഖല നിരവധി പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും സിനിമയ്ക്ക് വേണ്ടി ചോരയും വിയര്പ്പുമൊഴുക്കാന് തയ്യാറായ ഒരുകൂട്ടം പ്രതിഭകളോടൊപ്പം ജോലി ചെയ്യുന്നതില്‍ അഭിമാനിക്കുന്നുവെന്നും വിനീത് പറഞ്ഞു.
”ഒടുവില്‍ ഇന്നലെ 2018 കണ്ടു. ഞാന്‍ ഈ സിനിമയുടെ ഒരു ചെറിയ ഭാഗമാണെങ്കിലും ഷൂട്ടിങിനിടെ ചില ദൃശ്യങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ‘2018’ എന്ന സിനിമ തിയറ്ററില്‍ കാണുന്നത് വലിയൊരു അനുഭവമായിരുന്നു! ജൂഡ് അടക്കം ഈ സിനിമ ചെയ്തരില്‍ പലരും എന്റെ സുഹൃത്തുക്കളാണ്. എങ്കിലും ഇത്തരത്തിലുള്ള ബഹുമുഖ പ്രതിഭകളോടൊപ്പം നില്‍ക്കുന്നത് തന്നെ വലിയ അംഗീകാരമായി ഞാന്‍ കാണുന്നു എന്ന് പറയാതെ വയ്യ.
ഈ കാലഘട്ടത്തിലെ മലയാള സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. മലയാള സിനിമാ മേഖല തീര്‍ച്ചയായും നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. പക്ഷേ എല്ലാറ്റിനുമുപരിയായി നാമെല്ലാവരും ഉള്‍പ്പെടുന്ന ഈ മനോഹരമായ കലാരൂപത്തിന് വേണ്ടി തങ്ങളുടെ വിയര്‍പ്പും രക്തവും നല്കാന് തയാറായ ആവേശഭരിതരായ ആയിരക്കണക്കിന് ആളുകളുണ്ടെന്നുള്ളതില് ഞാന്‍ അഭിമാനിക്കുന്നു.” വിനീത് ശ്രീനിവാസന് പറയുന്നു.
അതേസമയം ചിത്രം 100 കോടി കളക്ഷനിലേക്ക് അടുക്കുകയാണ്. ഇന്നലെ മാത്രം 5 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ചത്. 10 ദിവസം കൊണ്ട് കേരളത്തില്‍ നിന്നുള്ള കളക്ഷന്‍ മാത്രം 40 കോടിയോളം രൂപയാണ്.